വള്ളക്കാർക്കും മീൻ കിട്ടുന്നത് കുറവ്; കൊല്ലത്ത് മത്തിക്കും അയലക്കും ഉൾപ്പെടെ വില കൂടുന്നു
കൊല്ലം: ട്രോളിംഗ് നിരോധനം ആയതോടെ മീൻ വില കുതിച്ച് ഉയരുകയാണ്. മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് വില കൂടിയത്. സാധാരണ ട്രോളിംഗ് നിരോധന സമയത്ത് വള്ളക്കാർക്ക് ചാകരയാവാറാണ് പതിവ്. എന്നാൽ ന്യൂന മർദ്ദത്തിന്റെ ഫലമായി ഉണ്ടായ കടലിലെ കുത്തൊഴുക്കാണ് മത്സ്യ ലഭ്യത കുറയാൻ കാരണം എന്നാണ് പറയുന്നത്.
മത്സ്യങ്ങൾ തീരക്കടലിലേക്ക് എത്തുന്നതും കുറഞ്ഞു. എല്ലാ സീസണിലും കിട്ടുന്ന മത്തി, അയല അടക്കം പല മീനുകളും വളരെ കുറച്ച് മാത്രമാണ് കിട്ടുന്നത്. ചൂര, കാെഞ്ച്, കണവ, പാര, താട തുടങ്ങിയ മത്സ്യങ്ങളും കിട്ടാതായി. ഒരു വള്ളത്തിന് ഏകദേശം രണ്ടോ മൂന്നോ കൂട്ട മത്സ്യം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ മുൻ വർഷഷങ്ങളിൽ ട്രോളിംഗ് നിരോധന കാലത്ത ഒരു ദിവസം ആറ് കുട്ടയിലധികം മത്സ്യം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങൾ തലകീഴ് മറിഞ്ഞു.

മത്സ്യം ലഭിക്കുന്നത് കുറഞ്ഞത് കൊണ്ട് വിലയും കൂടി. കൊല്ലം ഹാർബറിൽ ഒരു കിലോ മത്തിയുടെ വില 300 മുതൽ 340 രൂപ വരെ എത്തി. നേരത്തെ ഇത് 200 രൂപ ആയിരുന്നു. 100 രൂപ മുതൽ 150 രൂപ വരെ ഉണ്ടായിരുന്ന അയലയ്ക്ക് 350 വരെ എത്തി. ഒരു കിലോ ചൂരയുടെ വില 280 രൂപയായി. മാന്തളിന്റെ വില 150 നിന്ന് 300 ലേക്ക് ഉയർന്നു. കൊല്ലം തീരത്തിന്റെ പ്രത്യേകതയായിരുന്ന നെയ് ചാള കിട്ടാനില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.












Click it and Unblock the Notifications