സമൂഹത്തിലെ സ്ത്രീവിരുദ്ധ ആശയങ്ങള്‍ പോലീസിലും നിലനില്‍ക്കുന്നുണ്ടെന്ന് സതീദേവി
കൊട്ടാരക്കര: സമൂഹത്തിലെ സ്ത്രീവിരുദ്ധ ആശയങ്ങൾ പോലീസിലും നിലനിൽക്കുന്നതായാണ് വനിത കമ്മീഷനിൽ ലഭിക്കുന്ന പരാതികൾ വ്യക്തമാകുന്നതെന്ന് കേരള സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി.സതീദേവി.
ഭർത്താവിന്റെ അതിക്രമങ്ങൾക്കെതിരെ പരാതിയുമായി സ്റ്റേഷനിൽ എത്തുന്ന പെൺകുട്ടികളോട് 'നീ സഹിക്കാൻ പഠിക്കൂ' എന്ന് പറഞ്ഞ് ഒത്തുതീർപ്പിന് ശ്രമിക്കാൻ പോലീസിന് അധികാരമില്ല. രാജ്യാന്തര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കേരള പൊലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റി നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതിദേവി..

സ്ത്രീകൾ നൽകുന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയാണ് പോലീസിന്റെ കർത്തവ്യം. ജുഡീഷ്യറിയിലും സ്ത്രീ വിരുദ്ധത കടന്നു വരുന്നുണ്ട്. മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75 വർഷം പിന്നിട്ടിട്ടും തുല്യത ഉറപ്പ് വരുത്താൻ കഴിയുന്നില്ല. ശക്തമായ നിയമങ്ങൾ ഉണ്ടായിട്ടും നടപ്പാക്കാൻ പലപ്പോഴും കഴിയുന്നില്ലെന്ന് കേരളത്തിലെ ആനുകാലിക സംഭവങ്ങൾ തെളിയിക്കുന്നുവെന്നും അവർ പറഞ്ഞു..
അവകാശങ്ങൾക്കായി സ്ത്രീ സംരക്ഷണ സംഘടനകൾക്ക് ഭരണകൂടത്തോട് യാചിക്കേണ്ടി വരുന്നുവെന്നും സതീദേവി പറഞ്ഞു. 'മാറുന്ന സമൂഹം, മാറേണ്ട മനുഷ്യാവകാശ കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിലായിരുന്നു സെമിനാർ. പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് എം.വിനോദ് അധ്യക്ഷത വഹിച്ചു.
കേരള ഭാഷാ ഇൻസ്റ്റ്യൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ,കൊല്ലം റൂറൽ എസ്പി എം.എൽ.സുനിൽ,ഡിവൈഎസ്പി ഷൈനു തോമസ്, അസോസിയേഷൻ സെക്രട്ടറി എസ്.ഗിരീഷ്, ജി.ബിജു, എസ്.ആർ.ഷിനോദാസ്,പി.കെ.ജോൺസൺ, എം,രാജേഷ്, വി.എസ്.പ്രശാന്ത്, എസ്.ഷൈജു,ടി.അജിത് കുമാർ,എസ്.സലിൽ എന്നിവർ പ്രസംഗിച്ചു.
അതേസമയം,14 സെക്കൻഡ് സ്ത്രീയെ നോക്കി നിന്നാൽ കേസെടുക്കാമെന്ന മുൻ എക്സൈസ് കമ്മിഷണർ ഋഷിരാജ്സിങ്ങിന്റെ പരാമർശത്തിന് സമാനമായ പരാമർശവും സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ പി.സതിദേവി നടത്തി. സ്ത്രീകൾക്ക് എതിരെ പല രീതിയിലുള്ള നോട്ടം ഉണ്ട്. സ്നേഹത്തിന്റെയും സഹതാപത്തിന്റെയും നോട്ടത്തിൽ കുറ്റമല്ല. എന്നാൽ തെറ്റായ നോട്ടമാണെന്ന് ബോധ്യമായാൽ കേസെടുക്കാമെന്ന് സതിദേവി പറഞ്ഞു.












Click it and Unblock the Notifications