വോട്ടെണ്ണൽ: മെയ് 1 മുതല്‍ 9 വരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് കൊല്ലം കളക്ടർ
കൊല്ലം: വോട്ടെണ്ണലിനോടനുബന്ധിച്ച് മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ റാലികള്‍, പ്രകടനങ്ങള്‍, പൊതുസ്ഥലങ്ങളിലെ ആഘോഷ പരിപാടികള്‍ എന്നിവയൊന്നും നടത്തില്ല. ഏപ്രില്‍ 24, 25 തീയതികളില്‍ ജില്ലയില്‍ ശുചിത്വദിനം ആചരിക്കും. ഈ ദിവസങ്ങളില്‍ വാര്‍ഡ്, ബൂത്ത് തലങ്ങളിലും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
പോലീസും റവന്യു അധികാരികളും സെക്ടറല്‍ ഓഫീസര്‍മാരും ജില്ലയില്‍ നടത്തുന്ന പരിശോധനകള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാക്കാന്‍ നടപടിയെടുക്കും. വാക്‌സിന്‍ നല്‍കുന്നതിന് ഓണ്‍ലൈനായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നവര്‍ക്കായിരിക്കും ഇതില്‍ മുന്‍ഗണന. റംസാനുമായി ബന്ധപ്പെട്ട് ഇളവുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വോട്ടെണ്ണല്‍ സീറോ വേസ്റ്റ് തത്വമനുസരിച്ച് പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും. കോവിഡ് മാനേജ്‌മെന്റ്‌റ് കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധപ്രവര്‍ത്തകരെ ബൂത്ത് കമ്മിറ്റികളില്‍ നിന്ന് നല്‍കാമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു.

ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് പരിശോധനയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുളള സ്ഥലങ്ങളിലും കണ്ടയിന്‍മെന്റ് സോണുകളിലുമാണ് ഇത് ബാധകം. കണ്ടയിന്‍മെന്റ് സോണുകളില്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ വീതവും പോസിറ്റീവ് സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ടവരുടെ വീട്ടില്‍ നിന്ന് എല്ലാവരും പരിശോധനയ്‌ക്കെത്തണം.
രോഗവ്യാപന നിരക്ക് 20 ശതമാനത്തിന് മുകളിലുള്ളിടത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്വാബ് പരിശോധന നടത്തും. ഇതിന്റെ പരിസരങ്ങളില്‍ താമസിക്കുന്നവരും പരിശോധനയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. പൊലീസ്-റെയില്‍വേ ഉദ്യാഗസ്ഥര്‍ക്കും പൂയപ്പള്ളി, കുലശേഖരപുരം, ഇളമാട്, ഏരൂര്‍, ഈസ്റ്റ് കല്ലട, ഇരവിപുരം, ആദിച്ചനല്ലൂര്‍ എന്നീ പ്രദേശങ്ങളിലും സ്രവ പരിശോധന നടന്നു. കശുവണ്ടി ഫാക്ടറികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളും മെഗാ ടെസ്റ്റ് ഡ്രൈവും തുടരുമെന്ന് ഡി.എം.ഒ അറിയിച്ചു.












Click it and Unblock the Notifications