നായ്ക്കളെ വളര്‍ത്താൻ ലൈസന്‍സ് നിർബന്ധമാക്കാനൊരുങ്ങി കൊല്ലം കോർപറേഷൻ
കൊല്ലം: വളർത്തു നായകൾക്ക് ലൈസൻസ് നിർബന്ധമാക്കാൻ ഒരു കൊല്ലം കോർപ്പറേഷൻ.വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന രീതി വർധിച്ചതോടെ ആണ് വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കിയിരിക്കുന്നത്.
ഇതിനായി മൈക്രോചിപ്പ് ഘടിപ്പിക്കൽ, പേവിഷബാധ നിർമാർജനത്തിന് തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകൽ, തെരുവുനായ്ക്കളെ ദത്തെടുത്ത് വളർത്തി പരിപാലിക്കാൻ താൽപര്യമുള്ളവർക്ക് സൗകര്യം ഒരുക്കി നൽകൽ എന്നിവയും കോർപറേഷൻ നടപ്പാക്കും.

വളർത്തുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്തെന്ന് ഉറപ്പാക്കും. ലൈസൻസ് നിർബന്ധമാക്കുന്നതോടെ വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത കുറയും എന്നു തന്നെയാണ് കോർപറേഷൻ കണക്കുകൂട്ടുന്നത്.
തെരുവുനായ് ശല്യത്തിന് പരിഹാരം; എ.ബി.സി പദ്ധതി പുനരാരംഭിക്കാനൊരുങ്ങി കോർപറേഷൻ
നഗരത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവുനായ് ശല്യത്തിന് പരിഹാരമാകുന്നു. ഏറെക്കാലമായി നഗരത്തിലെ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രികർക്കും ഭീഷണിയായിരുന്നു തെരുവുനായ്ക്കൾ. കഴിഞ്ഞമാസം എസ്.എൻ കോളജ് ജങ്ഷനിൽ സ്കൂൾ വിദ്യാർഥികളടക്കം 13 പേർക്ക് നായുടെ കടിയേറ്റതോടെ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യമുയർന്നെങ്കിലും കോർപറേഷൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിരുന്നില്ല.
വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് പ്രശ്നം പരിഹരിക്കാൻ നടപടികളുമായി കോർപറേഷൻ രംഗത്തെത്തിയിരിക്കുന്നത്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതിക്ക് സെപ്റ്റംബർ ആദ്യം തുടക്കമാകും.
പദ്ധതി പ്രകാരം നായ്ക്കളെ പിടികൂടാനായി രണ്ടംഗസംഘത്തെയാണ് നിയോഗിക്കുക. സംഘത്തിൽ പ്രത്യേക പരിശീലനം ലഭിച്ച വെറ്ററിനറി സർജൻ, മൃഗപരിപാലകർ, നാലുവീതം തിയറ്റർ സഹായിയും നായ് പിടുത്തക്കാർ എന്നിവരുണ്ടാകും. ഇവരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം ചൊവ്വാഴ്ച ജില്ല വെറ്ററിനറി ആശുപത്രിയിൽ നടക്കും. പിടികൂടിയ നായ്ക്കളെ പ്രത്യേകം സജ്ജീകരിച്ച എ.ബി.സി സെന്ററിൽ എത്തിക്കുകയും വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി നാലുമുതൽ അഞ്ചുദിവസം വരെ തുടർചികിത്സ നൽകുകയും ചെയുമെന്ന് അധികൃതർ അറിയിച്ചു.
2022-2023 സാമ്പത്തിക വർഷത്തിലെ എ.ബി.സി പദ്ധതി നടപ്പാക്കാൻ 40 ലക്ഷം രൂപയാണ് കോർപറേഷൻ വകയിരുത്തിയിരിക്കുന്നത്. ഇതിന് വികസനസമിതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പേവിഷ പ്രതിരോധ കുത്തിവെപ്പ്, ചെള്ള്, ത്വഗ് രോഗങ്ങൾക്കെതിരെയുള്ള മരുന്ന് എന്നിവ നൽകിയശേഷം പിടിച്ചസ്ഥലങ്ങളിൽ തിരികെഎത്തിച്ച് തുറന്നുവിടും. 2015-16 വർഷം മുതൽ ഇതുവരെ എ.ബി.സി പദ്ധതി വഴി 8744 തെരുവുനായ്ക്കളെയാണ് വന്ധ്യംകരിച്ച് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുള്ളത്.












Click it and Unblock the Notifications