കൊച്ചിക്ക് പിന്നാലെ കൊല്ലത്തും വാട്ടർ മെട്രോ എത്തുമോ? പ്രാരംഭ ചർച്ച ആരംഭിച്ചു
കൊല്ലം: കൊച്ചി വാട്ടർ മെട്രോ സൂപ്പർഹിറ്റായതിന് പിന്നാലെ ഇപ്പോൾ കൊല്ലത്തും വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കാനുള്ള നീക്കങ്ങൾ. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ജലഗതാഗത വകുപ്പുമായി മേയർ പ്രസന്ന ഏണസ്റ്റ് പ്രഥമിക ചർച്ച നടത്തി. വിനോദസഞ്ചാരം കൂടി ലക്ഷ്യം വെച്ചാണ് കൊല്ലം വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.
കൊല്ലത്ത് അഷ്ടമുടി കായലിൽ ഗതാഗത വിപുലീകരണത്തിന് സഹയാകരം ആകുന്ന രീതിയിലാണ് കൊല്ലം വാട്ടർ മെട്രോയുടെ പ്രാരംഭ ചർച്ച തുടങ്ങിയിരിക്കുന്നത്. കൊല്ലം കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് വാട്ടർ മെട്രോയെക്കുറിച്ചുള്ള ചർച്ച ഉണ്ടായത്.

pc: screengrab
ജൈവ വൈവിധ്യ സർക്യൂട്ട് പദ്ധതിയുമായി ബന്ധിപ്പിച്ച് ആയിരിക്കും പദ്ധതി മുന്നോട്ടുപോകുന്നത്. ആദ്യഘട്ടത്തിൽ മൺറോതുരുത്തിലേക്ക് ആയിരിക്കും വാട്ടർ മെട്രോ സർവീസ്. പിന്നീട് പരവൂരിലേക്കും ചവറയിലേക്കും നീട്ടനാണ് പദ്ധതി.
വെള്ളത്താൽ ചുറ്റപ്പെട്ട പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി വികസിപ്പിക്കുക. കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തന രീതിയടക്കം മേയർ പ്രസന്ന ഏണസ്റ്റും ജലഗതാഗത വകുപ്പും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു. പരിസ്ഥിതി സൗഹാർദ മാതൃകയിലാണ് പദ്ധതി ആവിഷ്‌ക്കരിക്കുന്നത്.
വാട്ടർ മെട്രോയോടൊപ്പം ടെർമിനലുകൾ ബോട്ട് യാർഡുകൾ എന്നിവ നിർമിക്കുന്നതിന് ആവശ്യമായ പഠനങ്ങൾ നടത്തും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണ ക്യാമറ, ഓട്ടോ മാറ്റിക് ഫെയർ കൺട്രോളർ സംവിധാനം തുടങ്ങിയ സാധ്യതകൾ ഉപയോഗപ്പെടുത്തും. ജില്ലയിലെ ഉൾനാടൻ ജലഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വാട്ടർ മെട്രോയുടെ വരവ് സഹായകരമാകുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം കൊച്ചി വാട്ടർ മെട്രോ വൻ ഹിറ്റായിരുന്നു. ആദ്യ ദിവസം തന്നെ മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചത്. ആദ്യ ദിവസം യാത്ര ചെയ്തത് 6559 പേരായിരുന്നു. മേയ് മാസത്തിൽ ആണ് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നീണ്ട ക്യൂ തന്നെയാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications