കൊല്ലം പൂരം വെടിക്കെട്ടിന് കർശന ഉപാധികളോടെ അനുമതി
കൊല്ലം: കൊല്ലം പൂരം വെടിക്കെട്ടിന് ഹൈക്കോടതി അനുമതി. കർശന ഉപാധികളോടെയാണ് പൂരത്തിന് അനുമതി നൽകിയത്. ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്ര ഉപദേശക സമിതി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ക്ഷേത്ര ഉപദേശക സമിതി ജില്ലാ കളക്ടറിനും, എഡിഎമ്മിനും, ജില്ലാ പൊലീസ് മേധാവിക്കും അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകി എങ്കിലും സുരക്ഷാ കാരണങ്ങളാൽ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ക്ഷേത്ര ആചാരത്തിന്റെ ഭാഗമായ വെടിക്കെട്ട് നടത്താൻ അനുമതി ആവശ്യപ്പെട്ട് ക്ഷേത്രഭരണ സമിതി കോടതിയെ സമീപിച്ചത്.
പൊസോ അംഗീകരിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ രേഖകൾ കൊല്ലം എഡിഎമ്മിന് മുന്നിൽ ഹാജരാക്കി അനുമതി നേടാമെന്നാണ് കോടതിയുടെ ഉത്തരവ്. വെടിക്കെട്ടിന് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിന്റെയും, റവന്യൂ അധികാരികളുടെയും മാർഗ്ഗനിർദേശങ്ങൾക്ക് വിധേയമായി മാത്രമേ വെടിക്കെട്ട് നടത്താവൂ എന്ന ഉപാധിയും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്.

അഭിഭാഷകരായ വിഷ്ണു വിജയൻ, ഹരികൃഷ്ണൻ, കൗശിക്ക് എം ദാസ്, ആതിര എം ദാസ് എന്നിവരാണ് ക്ഷേത്ര ഉപദേശക സമിതിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് അപകടത്തിന് ശേഷം സംസ്ഥാനത്ത് ക്ഷേത്രങ്ങളിൽ നടക്കുന്ന വെടിക്കെട്ടിന് ശക്തമായ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications