കാറിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചത് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി; നാല് പേര്‍ അറസ്റ്റില്‍
കൊല്ലം: അന്താരാഷ്ട്ര വിപണയില്‍ കോടികള്‍ വില വരുന്ന തിമിംഗല ഛര്‍ദ്ദിയുമായി നാല് പേര്‍ അറസ്റ്റില്‍. ഇരവിപുരം തെക്കേവിള സര്‍ഗധാരാ നഗര്‍ എ പി എസ് മന്‍സിലില്‍ മുഹമ്മദ് അസ്ഹര്‍ (24), കൊല്ലം കാവനാട് പണ്ടത്തല ജോസ് ഭവനില്‍ റോയ് ജോസഫ് (43), കടയ്ക്കല്‍ ഗാന്ധി സ്ട്രീറ്റ് പള്ളിമുക്ക് ഇളമ്പയില്‍ വീട്ടില്‍ എസ് സൈഫുദ്ദീന്‍ (48), ഇരവിപുരം തെക്കേവിള കണ്ണങ്കോട് തൊടിയില്‍ വീട്ടില്‍ വി രഘു (46) എന്നിവരെ ആണ് പൊലീസ് പിടികൂടിയത്.
10 കിലോ വരുന്ന തിമിംഗല ഛര്‍ദ്ദിയാണ് ഇവരില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ പന്ത്രണ്ട് മണിയോടെ കരവാളൂരില്‍ പുനലൂര്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ആയിരുന്നു മുഹമ്മദ് അസ്ഹര്‍, റോയ് ജോസഫ്, സൈഫുദ്ദീന്‍, രഘു എന്നിവര്‍ പൊലീസ് പിടിയിലായത്.

പൊലീസ് പരിശോധിക്കുമ്പോള്‍ നാല്‍വര്‍ സംഘം കാറിന് ഉള്ളില്‍ രഹസ്യമായി തിമിംഗല ഛര്‍ദ്ദി സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ട് വന്നത് ആണ് തിമിംഗല ഛര്‍ദ്ദി. തമിഴ്‌നാട്ടില്‍ നിന്നും വന്ന ശേഷം രണ്ട് ദിവസം കൊല്ലത്ത് സൂക്ഷിക്കുകയും പിന്നീട് കടയ്ക്കല്‍ കൊണ്ടുവരികയും ചെയ്തു.
അവിടെ നിന്ന് തിമിംഗല ഛര്‍ദ്ദി പുനലൂര്‍ എത്തിക്കാനായിരുന്നു ശ്രമം. ഇതിന് വേണ്ടി കൊണ്ടു പോകവേയാണ് നാല്‍വര്‍ സംഘം പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications