ഭാര്യയെ ഭര്‍ത്താവ് കാറിലിട്ട് തീകൊളുത്തി കൊന്നു, ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്ക്
കൊല്ലം: കാറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. കൊല്ലം ചെമ്മാമുക്കില്‍ ആണ് സംഭവം. കാറിലെത്തിയ യുവതിയെ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന ഭര്‍ത്താവ് വാഹനം നിര്‍ത്തിച്ച് നടുറോഡില്‍ വെച്ച് തീകൊളുത്തി കൊല്ലുകയുമായിരുന്നു. കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് മരിച്ചത്. ഭര്‍ത്താവ് പത്മകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിക്കൊപ്പമുണ്ടായിരുന്ന സോണി എന്ന യുവാവിനെയും പത്മകുമാര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. പൊള്ളലേറ്റ സോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നഗരമധ്യത്തില്‍ റെയില്‍വെ സ്റ്റേഷന് അടുത്തായി ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഒമ്നി വാനിലെത്തിയ പത്മരാജന്‍ കാര്‍ നിര്‍ത്തിച്ച ശേഷം കയ്യില്‍ കരുതിയ പെട്രോള്‍ കാറിലേക്ക് ഒഴിക്കുകയും തീയിടുകയുമായിരുന്നു.

പത്മകുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കൊല്ലം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറി സ്ഥാപനത്തിന്റെ ഉടമയാണ് കൊല്ലപ്പെട്ട അനില. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ് സോണി. സോണിയെ പത്മരാജന്‍ ലക്ഷ്യമിട്ടില്ലായിരുന്നു എന്നാണ് വിവരം. അനിലയേയും അനിലയുടെ സുഹൃത്തായ മറ്റൊരാളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൃത്യത്തിന് ശേഷം പത്മകുമാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. പൊലീസും ഫയര്‍ ഫോഴ്‌സും എത്തിയാണ് തീ അണച്ചത്. ഇതിന് ശേഷമാണ് അനിലയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പെ മരണം സംഭവിച്ചിരുന്നു. സോണിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications