കരിഞ്ചന്തയില്‍ വില്‍ക്കാന്‍ പാചക വാതക സിലണ്ടറുകള്‍; വാഹനവും സിലണ്ടറുകളും പിടിച്ചെടുത്തു
കല്ലുവാതുക്കൽ∙ അനധികൃതമായി കടത്തിയ, പാചക വാതക സിലിണ്ടറുകളും വാഹനവും പിടികൂടി. വാണിജ്യാവശ്യത്തിനുള്ള സിലണ്ടറുകൾ ആണ് കടത്താൻ ശ്രമിച്ചത്. സിവിൽ സപ്ലൈസ് അധികൃതർ നടത്തിയ പരിശോധനയിൽ കല്ലുവാതുക്കലിൽ നിന്ന് 93 സിലിണ്ടറും കടത്താൻ ഉപയോഗിച്ച പിക്കപ്പും ആണു പിടികൂടിയത്.
താലൂക്ക് സപ്ലൈ ഓഫീസർ ജി.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിൽ കല്ലുവാതുക്കൽ മേഖലയിൽ പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട പിക്കപ് വാൻ പരിശോധിക്കുകയായിരുന്നു. സിലിണ്ടറുകൾ കൊല്ലം ഭാഗത്തു നിന്ന് ആറ്റിങ്ങൽ മേഖലയിലേക്കു കൊണ്ടുപോകുകയായിരുന്നു.

ഒരു കമ്പനിയുടെ സിലിണ്ടർ മാത്രമാണ് വാഹനത്തിൽ കൊണ്ടുപോകേണ്ടത്. എന്നാൽ പിടിച്ച വാഹനത്തിൽ മറ്റു രണ്ടു കമ്പനികളുടെ പാചകവാതക സിലിണ്ടറുകൾ വാഹനത്തിൽ ഉണ്ടായിരുന്നു. സിലിണ്ടറുകളിൽ 91 എണ്ണം റീഫിൽ ചെയ്തതും രണ്ടെണ്ണം ഒഴിഞ്ഞതും ആയിരുന്നു. പാരിപ്പള്ളി, കല്ലമ്പലം, മംഗലപുരം തുടങ്ങി വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള സിലിണ്ടറുകളാണ് ഉണ്ടായിരുന്നത്.
പിടിച്ചെടുത്ത സിലിണ്ടറുകൾ ബാച്ച് നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തി പാരിപ്പള്ളിയിലെ പാചക വാതക വിതരണ ഏജൻസിയുടെ ഗോഡൗണിലേക്കു മാറ്റി. പിടിച്ചെടുത്ത വാഹനം പാരിപ്പള്ളി പൊലീസിനു കൈമാറി. അനധികൃത സിലിണ്ടറുകൾ വിൽപന നടത്തുന്നതായി ജില്ല സപ്ലൈ ഓഫിസർ ജി.വി. മോഹൻകുമാറിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു നടപടി.
സിലിണ്ടറുകൾ പിടികൂടിയതു സംബന്ധിച്ചു വിശദ റിപ്പോർട്ട് കലക്ടർക്കു കൈമാറും എന്നു താലൂക്ക് സപ്ലൈ ഓഫിസർ ജി.എസ്.ഗോപകുമാർ പറഞ്ഞു. ജില്ലയിലെ ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചു വ്യാപകമായി അനധികൃതമായി പാചകവാതക വിതരണം നടത്തുന്നതായി കാട്ടി ഒരാഴ്ച മുൻപു കലക്ടർക്കു പരാതി ലഭിച്ചിരുന്നു.
പൊതുവിപണിയെക്കാൾ വില കുറച്ചു സിലിണ്ടറുകൾ വിതരണം ചെയ്യുന്നതായി പരാതിയിൽ പറഞ്ഞിരുന്നു.പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ ജി.എസ്.ഗോപകുമാറിനു പുറമേ റേഷനിങ് ഇൻസ്പെക്ടർമാരായ എസ്.ഉല്ലാസ്, എസ്.രജനി ദേവി, റിഞ്ചു ജോസഫ്, എസ്.പ്രശാന്ത് എന്നിവർ ഉണ്ടായിരുന്നു.












Click it and Unblock the Notifications