മുങ്ങാന്‍ നോക്കി,നടന്നില്ല; ടോള്‍പ്ലാസ ജീവനക്കാരനെ ആക്രമിച്ച പ്രതി പിടിയിലായത് 24 മണിക്കൂറിനുള്ളില്‍
കൊല്ലം: ടോൾ പ്ലാസയിൽ ജീവനക്കാരനെ ആക്രമിച്ച് കടന്നുകളഞ്ഞ കാർ യാത്രികനെ പോലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു. വർക്കല ചെറുന്നിയൂർ കാരാത്തല കുന്നുവിള പുത്തൻ വീട്ടിൽ ലഞ്ചിത്ത് (38) ആണ് പൊലീസിന്റെ പിടിയിലായത്.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കൊല്ലം ബൈപാസിൽ കുരീപ്പുഴ ടോൾ പ്ലാസയിലെ കരാർ ജീവനക്കാരനായ കുരീപ്പുഴ പ്ലാവറക്കാവ് തേരിൽ തെക്കതിൽ അരുൺ (23) ആണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കാവനാട് ഭാഗത്തു നിന്നു മേവറം ഭാഗത്തേക്കു പോയ കാർ ടോൾ പ്ലാസയിലെ എമർജൻസി ഗേറ്റ് വഴി ടോൾ കൊടുക്കാതെ കടന്നു പോകാനായി ശ്രമിച്ചത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അരുൺ തടഞ്ഞു.

ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായപ്പോൾ ലഞ്ചിത്ത് അരുണിനെ മർദിക്കുകയും കഴുത്തിൽ ചുറ്റിപ്പിടിച്ച് കാർ മുന്നോട്ട് ഓടിക്കുകയും ചെയ്തു. ഡ്രൈവറുടെ വശത്തെ ഡോറിനോടു ചേർത്തു റോഡിൽ വലിച്ചിഴച്ച അരുണിനെ ടോൾ പ്ലാസയിൽ നിന്നു 30 മീറ്റർ മുന്നോട്ടു പോയ ശേഷം റോഡിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് അമിത വേഗത്തിൽ കാർ ഓടിച്ചു പോയി.സുഹൃത്ത് വർക്കല സ്വദേശിയായ അഭിഭാഷകനുമായി ലഞ്ചിത്തിന്റെ കേസിന്റെ ആവശ്യത്തിനായി അരൂരിലെ കുടുംബ കോടതിയിൽ പോയി വർക്കലയിലേക്കു മടങ്ങുമ്പോഴാണ് സംഭവം.'
സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് കാർ വർക്കലയിലെ ഒരു ഹോം സ്റ്റേയിൽ നിർത്തിയിട്ട ശേഷം കടന്നുകളയുകയായിരുന്നു. സംഭവം നടന്നതിനു പിന്നാലെ തന്നെ അഞ്ചാലുംമൂട് പൊലീസ് ടീമുകളായി തിരിഞ്ഞ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. കാറിൽ സംഭവസമയത്ത് ലഞ്ചിത്തിനൊപ്പം ഉണ്ടായിരുന്ന അഭിഭാഷകനെ ഇന്നലെ പുലർച്ചെയോടെ കസ്റ്റഡിയിലെടുത്തു. തുടർന്നു നടത്തിയ തിരച്ചിലിൽ നാവായിക്കുളത്ത് നിന്നു ലഞ്ചിത്തിനെയും വർക്കലയിൽ നിന്ന് കാറും കസ്റ്റഡിയിലെടുത്തു.
ആരാധകന്റെ സ്‌നേഹം കണ്ട് കണ്ണ് തള്ളി ലക്ഷ്മി നക്ഷത്ര; ഇങ്ങനെയുണ്ടോ ഒരു സ്‌നേഹം...
സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ. സംഭവസ്ഥലത്തു നിന്നു പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിൽ തന്നെ വാഹന ഉടമയെയും പ്രതിയായ ലഞ്ചിത്തിനെയും തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് വിവിധ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. എസിപി എ. അഭിലാഷ്, അഞ്ചാലുംമൂട് എസ്എച്ച്ഒ സി.ദേവരാജൻ, എസ്ഐമാരായ ഹക്കിം, റഹിം, എഎസ്ഐ പ്രദീപ്, സിപിഒ ഷാഫി, ഡാൻസാഫ് എസ്ഐ ജയകുമാർ, സിപിഒമാരായ സീനു, മനു, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.












Click it and Unblock the Notifications