'തേങ്ങയും മാങ്ങയും അറിയാത്ത ഇയാളാണോ സംസാരിക്കാൻ പോകുന്നത്': എൻജിനീയർമാരോട് കയർത്ത് ഗണേഷ് കുമാർ
കൊല്ലം: താലൂക്ക് വികസനം സമിതി യോഗത്തിനിടെ പത്തനാപുരം എം എൽ എ കെ ബി ഗണേഷ് കുമാർ എൻജിനീയർമാരോട് ദേഷ്യപ്പെടുന്ന വീഡിയോ പുറത്ത്. എം എൽ എ എൻജിനീയർമാരെ ശാസിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. യോഗത്തിനിടെ പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എൻജിനീയർമാർ സർവേയ്ക്ക് ഇറങ്ങിയതാണ് എം എൽ എ ദേഷ്യപ്പെടാൻ കാരണമായത്.
താലൂക്ക് സഭ ചേരുന്ന ദിവസം വേറെ ഒരു പണിക്കും പോകരുതെന്നും എൻജിനീയർക്ക് ഗണേശ് കുമാർ നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ നേരത്തേയും മുന്നറിയിപ്പ് നൽകിയതാണെന്ന് എം എൽ എ പറഞ്ഞു. മറ്റാരു എൻജിനീയറോട് ഇയാൾക്ക് വല്ല തേങ്ങയും അറിയുമോ എന്നും എം എൽ എ ചോദിച്ചു.

താലൂക്ക് സഭ വിളിക്കുന്ന ദിവസം ഇനി മേലാൽ വേറെ പരിപാടി വെയ്ക്കരുത്. ഇത് ലാസ്റ്റ് വാണിങ്ങാണ്. വന്നാൽ ഉടനെ പോകണമെന്ന് പറയുന്നത് കവിഞ്ഞ തവണ ഞാൻ ഒന്ന് മുന്നറിയിപ്പ് തന്നതാണ്. താലൂക്ക് സഭ കൂടുമ്പോൾ ഇന്ന് രാവിലെ അവിടേക്ക് സർവേയ്ക്ക് ചെല്ലാമെന്ന് പറയുന്നത് മോശമല്ലേ? ഈ സർവേ ഉച്ചയ്ക്ക് ശേഷവും വെയ്ക്കാമായിരുന്നല്ലോ. അങ്ങനെ പോകരുത്. സർവേയ്ക്ക് ഉച്ചക്ക് പോകണം.
താലൂക്ക് സഭയെന്നാൽ എല്ലാവരും കൂടി പങ്കെടുക്കുന്നതാണ്. ഇത്രയും പഞ്ചായത്ത് മെമ്പർമാരും പ്രസിഡന്റും എല്ലാവരും വന്നിരിക്കുമ്പോൾ നിങ്ങൾ കറങ്ങാൻ പോകുന്നത് ഇന്ന് നിർത്തിക്കോണം, കേട്ടോ ബിജു. മേലാൽ ഇങ്ങനത്തെ പരിപാടി കാണിക്കരുത്, എം എൽ എ പറഞ്ഞു. ഇത് മൂന്ന് ആഴ്ച മുമ്പ് കൊടുത്ത നോട്ടീസാണെന്നും അദ്ദേഹം പറയുന്നുണ്ട്.
ഇതിനിടെ മറ്റൊരു എൻജിനീയറോടും അദ്ദേഹം ദേഷ്യപ്പെട്ടു. ഇതിന് ഇയാൾ വന്നാൽ മതിയോ? ഇയാൾക്ക് വല്ല തേങ്ങയും അറിയാമോ, തേങ്ങയും മാങ്ങയും അറിയാത്ത ഇയാളാണോ ഇവരോട് സംസാരിക്കാൻ പോകുന്നത്. ഇവിടെയിരിക്കുന്ന ആരെങ്കിലും ചോദിക്കുന്ന ചോദ്യത്തിന് അയാൾക്ക് മറുപടി പറയാൻ പറ്റുമോ? വെറുതേ ആവശ്യമില്ലാത്ത കാര്യത്തിന് ഗോഷ്ടി കാണിക്കുന്നു. , ഗണേൽ കുമാർ പറഞ്ഞു.












Click it and Unblock the Notifications