കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: ഇന്ന് നിർണായക ദിനം, കുട്ടിയുടെ അച്ഛന്റെ മൊഴി വീണ്ടുമെടുക്കും
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് ശ്രമം. കസ്റ്റിഡിയിൽ എടുത്ത ഫോണിൽ നിന്നുള്ള വിശദാംശങ്ങളും അന്വേഷണ സംഘത്തിന് കിട്ടും.

സംശയം ഉള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കുന്നതും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കാെണ്ടുപോയ സംഘം സഞ്ചരിക്കുന്ന കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് കിട്ടി.
പ്രതികൾക്കായി ജില്ലയ്ക്ക് അകത്തും പുറത്തും അന്വേഷണം നടത്തുന്നുണ്ട്. കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിൽ പ്രത്യേക സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 10 വർഷമായി റെജി ജോലി ചെയ്യുകയാണ്.
ഇവിടെയുള്ള ഫ്ലാറ്റിലാണ് റെജി താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് ഇന്നലെ വൈകീട്ടോടെ പോലീസ് പരിശോധിച്ചത്. റെജി ഉപയോഗിച്ചിരുന്ന ഒരു ഫോൺ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. അതാണ് പോലീസ് കണ്ടെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുത്ത ദിവസം ഉച്ചയ്ത്ത് 1. 15 ഓടെയായിരുന്നു ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ട്യൂഷൻ കഴിഞ്ഞ് പോകുംവഴിയായിരുന്നു കുട്ടിയെ വെള്ള കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ച് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് കോൾ വന്നു.
ഇതിന് പിന്നാലെ പത്ത് ലക്ഷം രൂപ വേണമെന്ന് വീണ്ടും വിളിച്ച് പറഞ്ഞു. രാത്രിയുടനീളം പോലീസും നാട്ടുകാരുമൊക്കെ കുട്ടിക്കായി അന്വേഷണം നടത്തിയെങ്കിലും കിട്ടിയില്ല. പിന്നീടാണ് തട്ടിക്കൊണ്ടു പോയ സംഘം കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കുന്ന പ്രതികളുടെ പുതിയ രേഖാ ചിത്രം പുറത്തുവിട്ടു. രണ്ട് സ്ത്രീകളുടേയും ഒരു പുരുഷന്റേയും രേഖാ ചിത്രമാണ് പുറത്ത് വിട്ടത്. കുട്ടി പറഞ്ഞ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാ ചിത്രം തയ്യാറാക്കിയത്. സംഘത്തിൽ ഉണ്ടായിരുന്ന അംഗങ്ങളുടെ മുഖം ഓർമയില്ലെന്ന് കുട്ടി പറഞ്ഞു. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പോലീസ് കരുതുന്നത്.












Click it and Unblock the Notifications