ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥികൾ മരിച്ച സംഭവം; ഡ്രൈവറെ പിരിച്ചുവിട്ടു
ചടയമംഗലം: ബൈക്കിന് പിന്നിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവർ ആർ ബിനുവിനെ ആണ് കോർപ്പറേഷൻ പുറത്താക്കിയത്. ഡ്രൈവർക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്ന ആവശ്യവുമായി നിയപരമായി മുന്നോട്ടുപോകുമെന്ന് മരിച്ച വിദ്യാർത്ഥികളുടെ കുടുംബം അറിയിച്ചു.
വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഇവർ നിരന്തരമായി നടത്തിയ ഇടപെടലിൽ ആണ് ഡ്രൈവറെ പിരിച്ചുവിട്ടത്. അപകടകരമായ വിധം ഡ്രൈവർ ബസ് ഓടിച്ചു എന്നാണ് കുറ്റപത്രം. സി സി ടി വി ദൃശ്യങ്ങളും തെളിവായി. കെ എസ് ആർ ടി സി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 28 ന് രാവിലെ 7. 45 ന് എം സി റോഡിൽ കുരിയോട് നെട്ടേത്തറയിലാണ് അപകടം ഉണ്ടായത്. പുനലൂർ തൊളിക്കോട് തലയാംകുളം വിഘ്നേശ്വരത്തിൽ ശിഖ കൺസ്ട്രക്ഷൻസ് ഉടമ അജയ കുമാറിന്റെയും ബിന്ദുവിന്റെയും മകൾ ശിഖ ( 20), പുനലൂർ കക്കോട് അഭിനഞ്ജനത്തിൽ സൈനിക ഉദ്യോഗസ്ഥൻ രഞ്ജിത്ത് ആർ നായരുടെയും ലക്ഷ്മിയുടേയും മകൻ അഭിജിത്ത് ( 19) എന്നിവരാണ് മരിച്ചത്.
തട്ടത്തുമല വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ടാം വർഷം ബി ടെക് ( സിവിൽ) വിദ്യാർത്ഥിനി ആയിരുന്നു ശിഖ. അഭിജിത്ത് പത്തനംതിട്ട മുസല്യാർ കോളേജിലെ ബി സി എ വിദ്യാർത്ഥിയും. പുനലൂരിൽ നിന്ന് ശിഖയെ കോളേജിൽ കൊണ്ടുവിടുന്നതിനാണ് അഭിജിത്ത് എത്തിയത്. ചടയമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് തിരുവന്തപുരത്തേക്ക് പോയ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ് അതേ ദിശയിൽ പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു.
ബസ്സിന്റെ ടയർ തലയിൽ കയറിയിറങ്ങി ശിഖ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ അഭിജിത്തും മരിച്ചു. 20 മിനിറ്റോളം വിദ്യാർത്ഥികൾ റോഡിൽ രക്തം വാർന്ന് കിടന്നുവെന്നും ആശുപത്രിയിൽ എത്തിക്കാൻ അത് വഴി വാഹനത്തിൽ പോയവർ തയ്യാറായില്ലെന്നും ആരോപണം ഉണ്ടായിരുന്നു.












Click it and Unblock the Notifications