ദേശീയ പാതയിൽ വാഹനാപകടങ്ങൾ; നിയന്ത്രണം വിട്ട കാറുകൾ അപകടത്തിൽപെട്ടു
കൊല്ലം: കൊട്ടിയത്ത് ദേശീയ പാതയിൽ വാഹനാപകടം. കൊട്ടിയം സിത്താര ജങ്ഷനടുത്ത് നിയന്ത്രണംവിട്ട കാർ റോഡരികിലൂടെ നടന്നുവന്ന കൊട്ടുംപുറം പഞ്ചമിയിൽ ആകാശ് മധു(15)വിനെ ഇടിച്ചുവീഴ്‌ത്തി. പത്താംക്ലാസ് വിദ്യാർഥിയായ ആകാശ് മൈലക്കാട്ടുള്ള ട്യൂഷൻ സെൻററിൽ പോയി മടങ്ങിവരുംവഴിയാണ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന ദമ്പതിമാർ പരിക്കേറ്റ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. നിയന്ത്രണം വിട്ടകാർ ഒരു പോസ്റ്റിന് ഇടിച്ചായിരുന്നു നിന്നത്. അയത്തിൽ-മേവറം ബൈപ്പാസ് റോഡിൽ പാലത്തറയിൽ ഞായറാഴ്ച ഉച്ചയോടെ നിയന്ത്രണംവിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് ഇറങ്ങിയിരുന്നു. അയത്തിൽനിന്ന് മേവറത്തേക്കുവന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സ്ഥലത്തെത്തിയ ഇരവിപുരം പോലീസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് കാർ റോഡിലെത്തിച്ചത്.

കാറിലുണ്ടായിരുന്ന ആർക്കും പരിക്ക് പറ്റിയിട്ടില്ല. തിരക്കിനിടെ മറ്റൊരു കാർ ഓട്ടോയിലിടിച്ചത് ഗതാഗതക്കുരുക്കിനിടയാക്കിയിരുന്നു. കൺട്രോൾ റൂം പോലീസും കൊട്ടിയം പോലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.












Click it and Unblock the Notifications