ചടയമംഗലത്ത് ഒരുങ്ങുന്നത് വിസ്മയങ്ങളുടെ ലോകം; ജഡായു എര്‍ത്ത്‌സ് സെന്റര്‍, കൂടെ മ്യൂസിയവും തിയേറ്ററും!
കൊല്ലം: ചടമംഗലത്ത് ഒരുങ്ങുന്നത് വിസ്മക്കാഴ്ചകൾ. കൊല്ലം ജില്ലയ്ക്ക് അഭിമാനമായ ജഡായു എര്‍ത്ത്‌സ് സെന്റര്‍ അത്ഭുതകാഴ്ചകളുമായി ഒരുങ്ങിക്കഴിഞ്ഞു. താഴ്വരയില്‍ ആരംഭിച്ചിട്ടുള്ള സാഹസികത നിറഞ്ഞ എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി.പ്രതിമയുടെ ഉള്‍ഭാഗം ബഹുനിലകളുള്ള കെട്ടിടത്തിന്റെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. ചുമരുകള്‍ വലിയ സ്‌ക്രീനുകളാണ്. മൂന്നാം നിലയില്‍ ജഡായുവിന്റെ കണ്ണിന്റെ ദ്വാരത്തിലെത്തുമ്പോള്‍ 360 ഡിഗ്രി ആംഗിളില്‍ മലനാടിന്റെ ഭംഗി കാണാം എന്നതും ഏറ്റവും വലിയ സവിശേഷതയാണ്.
ഇടതു ചിറകറ്റ് വലതു ചിറകു വിടര്‍ത്തി കൊക്കും കാല്‍ നഖങ്ങളുമുയര്‍ത്തി കിടക്കുന്ന രൂപത്തിലാണ് ജടായു ശില്‍പ്പം. പുറത്തു നിന്നു നോക്കിയാല്‍ ശില്‍പ്പമെന്നും അകത്തു കയറിയാല്‍ വലിയൊരു സിനിമാ തിയേറ്ററെന്നും തോന്നുംവിധമാണ് ഇതിന്റെ സൃഷ്ടി. ചടയമംഗലത്തുകൂടി വാഹനത്തില്‍ കടന്നു പോകുമ്പോള്‍ പാറയുടെ മുകളിലുള്ള ശില്‍പ്പത്തിന്റെ ഒരു വശം കാണാം. ജടായു ശില്‍പ്പത്തിന്റെ ഉള്ളില്‍ മ്യൂസിയവും 6 ഡി തിയേറ്ററും ഈ വര്‍ഷം അവസാനത്തോടെ സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ട്.രാമായണത്തിലെ ത്രേതായുഗം 6 ഡി തിയേറ്ററില്‍ വിര്‍ച്വല്‍ റിയാലിറ്റി സംവിധാനത്തിലാണ് സജ്ജമാക്കുക. പാറക്കെട്ടുകള്‍ക്കിടയിലുള്ള ഗുഹാസങ്കേതത്തില്‍ ആയുര്‍വേദ സിദ്ധ ചികിത്സയും ആരംഭിക്കാന്‍ തീരുമാനമായി.

സന്ദര്‍ശകര്‍ക്ക് ഏകദേശം പത്ത് മിനിട്ടിനുള്ളില്‍ എയര്‍കാറില്‍ മലമുകളിലെത്താനുള്ള സൗകര്യങ്ങളാണ് സെന്ററിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിനായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിര്‍മ്മിതമായ 16 എയര്‍കാറുകളാണ് ഗോണ്‍ടോള റോപ്പില്‍ ചലിച്ചുകൊണ്ടിരിക്കുന്നത്. എട്ട് പേര്‍ക്ക് വരെ ഒരു എയര്‍കാറില്‍ കയറാം. ശില്പത്തിന്റെ നിര്‍മ്മിതിയുടെ ഭാഗമായി മലമുകളിലുള്ള രാമക്ഷേത്രം നവീകരണവും പൂര്‍ത്തിയായി. അതേസമയം കനത്ത സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഉണ്ട്.
ആയിരം അടി ഉയരമുള്ള പാറയുടെ മുകളില്‍ നിര്‍മിക്കുന്ന ജടായുവിന്റെ ശില്‍പ്പം ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമാണ്. ചലച്ചിത്ര രംഗത്ത് സജീവസാന്നിധ്യമായ രാജീവ് അഞ്ചലിന്റെ ഉടമസ്ഥയിലുള്ള ഗുരുചന്ദ്രിക ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡും 150 ഓളം പ്രവാസി മലയാളികളും വിവിധ ഘട്ടങ്ങളിലായി 100 കോടിയോളം രൂപ ചെലവഴിച്ചാണ് സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.












Click it and Unblock the Notifications