പ്രളയ മേഖലകളിലെ സമാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഗ്രാമവികസന വകുപ്പും
കൊല്ലം: പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാ-പുനഃരധിവാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ പങ്കാളിത്തവുമായി കൊല്ലം ജില്ലയിലെ ഗ്രാമവികസന വകുപ്പും. ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളും സെക്രട്ടറിമാരും, ജില്ലാ ഓഫീസുകളിലെ ജീവനക്കാരും സജീവമായി പങ്കെടുത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാവേലിക്കര, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വീടുകളിലും പൊതുസ്ഥാപനങ്ങളിലും ശുചീകരണം നടത്തി. കൊല്ലം ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ച 20 ലക്ഷം രൂപയുടെ അവശ്യ സാധനങ്ങളും തുണിത്തരങ്ങളും ശുചീകരണ ഉപകരണങ്ങളും ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് കൈമാറി. ചാത്തങ്കരി, കടപ്ര, പെരിങ്ങര, മാന്നാര്‍, പാണ്ടനാട്, പുലിയൂര്‍, പ്രായിക്കര, നിരണം പഞ്ചായത്തുകളിലും ചെങ്ങന്നൂരിലും സംഘം ദുരിതാശ്വാസ സാമഗ്രികളെത്തിച്ചു. അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍, പൊതുവഴികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കൊപ്പം 100 വീടുകളും പൂര്‍ണ്ണമായും ശുചീകരിച്ചു.

തദ്ദേശഭരണ വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി. അനില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ സ്‌കൂള്‍ ബസുകളിലാണ് ശുചീകരണ-പുനരധിവാസ സംഘം വിവിധ പ്രദേശങ്ങളിലെത്തിയത്. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ വനിതാക്ഷേമ ഓഫീസര്‍, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ എന്നിവര്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കി. ശുചീകരണത്തിന് ആവശ്യമായ ഗംബൂട്ടുകള്‍, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ വിവിധ ബ്ലോക്ക് പഞ്ചായത്തുകളാണ് നല്‍കിയതെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എ. ലാസര്‍ അറിയിച്ചു.
ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ.റ്റി.ഐ യിലെ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന 40 അംഗ സംഘം ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ മേഖലകളില്‍ വീടുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവടങ്ങളില്‍ ഇലക്ട്രിക്കല്‍, പ്ലംബിംഗ് അറ്റകുറ്റപ്പണികള്‍ നടത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications