ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ വേറിട്ട മാതൃക തീര്‍ത്ത സുമനസുകള്‍ക്ക് പോലീസിന്റെ ആദരം
കൊല്ലം : ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ വേറിട്ട മാതൃക തീര്‍ത്തവര്‍ക്ക് പോലീസ് വകുപ്പിന്റെ അംഗീകാരം. തയ്യല്‍ തൊഴിലാളി ഗണേഷ്, കാറ്ററിംഗ് തൊഴിലാളി ബാബു, ആംബുലന്‍സ് ഡ്രൈവര്‍ ശ്രീജിത്ത് എന്നിവരെയാണ് ആദരിച്ചത്. തെരുവിലെ അനാഥര്‍ക്കും നിരാലംബര്‍ക്കും അപകടത്തില്‍ പരുക്കേറ്റവര്‍ക്കും സഹായഹസ്തം നല്‍കിയാണ് മൂന്നുപേരും മാതൃകകളായത്.
ശക്തികുളങ്ങര എസ്.ഐ. ആര്‍. രതീഷ് മുന്‍കൈയ്യെടുത്താണ് ഇവര്‍ക്ക് ആദരവ് ഒരുക്കിയത്. ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങ് എ.സി.പി. എ. പ്രതീപ്കുമാറിന്റെ അഭ്യര്‍ത്ഥന പ്രകാരം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ ഉദ്ഘാടനം ചെയ്തു.

മൂവരേയും അദ്ദേഹം പൊന്നാട അണിയിച്ചു. സ്വന്തം തൊഴിലും വരുമാനവും മാറ്റിവച്ച് ജീവകാരുണ്യത്തിന് സമയം കണ്ടെത്തുന്നവര്‍ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അജോയ് ആശംസ അര്‍പ്പിച്ചു. അഡീഷണല്‍ എസ്.ഐ മാരായ സണ്ണോ, തുളസീധരന്‍, ജോയി, റഹിം, ജയകുമാര്‍, കൗണ്‍സലര്‍ ഷിഹാബുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications