കൊല്ലത്ത് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു;കുടുംബ പ്രശ്നമെന്ന് സൂചന
കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ വീടിന് തീയിട്ടതിന് ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. കുറ്റിക്കാട് സ്വദേശി അശോകനാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങൾ ആണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ ആണ് അശോകൻ വീടിന് തീയിട്ട ശേഷം മുറിയിൽ തൂങ്ങിമരിച്ചത്.
സംഭവം നടക്കുമ്പോൾ അശോകൻ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികളാണ് ഫയർഫോഴ്സിനേയും പോലീസിനേയും വിവരം അറിയിച്ചത്. ഇതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

അശോകന്റെ ഏക മകൾ അഞ്ച് വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ച് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വീട് വിട്ടുപോയിരുന്നു. ഭർത്താവുമായി പിണങ്ങിയ മകൾ കഴിഞ്ഞ വർഷം തിരിച്ചുവന്നിരുന്നു.
ഭർത്താവ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇരുവരേയും കഴിഞ്ഞ ദിവസം കടയ്ക്കൽ സ്റ്റേഷനിൽ വിളിച്ച് വരുത്തിയിരുന്നു. ഒടുവിൽ പ്രശ്നം പറഞ്ഞ് അവസാനിപ്പിച്ച ശേഷം യുവതി ഭർത്താവിനൊപ്പം മടങ്ങി.
ഭാര്യയുടെ പിന്തുണയോടെയാണ് മകൾ ഭർത്താവിനൊപ്പം പോയതെന്ന് പറഞ്ഞ് ഇന്നലെ വൈകീട്ട് അശോകൻ ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിരുന്നതായി ഏഷ്യാനെറ്റ് ന്യൂസ്. കോം റിപ്പോർട്ട് ചെയ്യുന്നു.
ഭാര്യയെ ഇറക്കിവിട്ടതിന് പിന്നാലൊയാണ് അശോകൻ വീടിന് തീകൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തീപിടിത്തത്തിൽ വീട്ടിലെ കട്ടിലും സോഫാ സെറ്റിയും ഉൾപ്പെടെ കത്തി നശിച്ചു.












Click it and Unblock the Notifications