സഹോദരനെ മർദ്ദിച്ചത് ചോദിക്കാൻ എത്തി; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു
കൊല്ലം: വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസ് ( 35 ) ആണ് മരിച്ചത്. സഹോദരനെ ആക്രമിച്ചതിനെക്കുറിച്ച് ചോദിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്. സംഘം ചേർന്നുള്ള ആക്രമണത്തിനിടെ ഒരാൾ നവാസിനെ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചിരുന്നു. ഇത് ചോദിക്കാനാണ് നവാസ് എത്തിയത്. നവാസും അക്രമി സംഘവും തമ്മിൽ വാക്കേറ്റം ഉണ്ടായി. അതിനിടെയാണ് നവാസിന് കുത്തേറ്റത്. ക്രിമിനൽ പശ്ചാത്തലമുള്ള സംഘമാണ് ആക്രമണം നടത്തിയത്.

നവാസിന്റെ സഹോദരനും സുഹൃത്തും കണ്ണനല്ലൂരിൽ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത് ബൈക്കിൽ തിരികെ വരികയായിരുന്നു. 8.30 ന് ആയിരുന്നു ഈ സംഘം ഇവരെ തടഞ്ഞുനിർത്തി മർദ്ദിച്ചത്. മർദ്ദിച്ച സംഭവം നവാസിനെ ഫോണിൽ അറിയിച്ചിരുന്നു. രാത്രി 10 മണിക്ക് നവാസ് മുട്ടക്കാവിൽ എത്തി.
സംഭവത്തെക്കുറിച്ച് ചോദിക്കുന്നതിനിടെ പിന്നിൽ നിന്ന് കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ നവാസ് മരണപ്പെട്ടു. അക്രമി സംഘം രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് നടപടികൾ സ്വീകരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications