മക്കയില്‍ മലയാളി നഴ്‌സ് ജീവനൊടുക്കി; സ്ത്രീധന പീഡനമെന്ന് കൊല്ലം പോലീസില്‍ പരാതി
കൊല്ലം: സൗദി അറേബ്യയിലെ മക്കയില്‍ മലയാളി നഴ്‌സ് ജീവനൊടുക്കിയത് സ്ത്രീധന പീഡനം കാരണമെന്ന് പരാതി. കൊല്ലം അഞ്ചല്‍ സ്വദേശി മുഹ്‌സനയെ ആണ് കഴിഞ്ഞ ദിവസം മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സമീറിനെതിരെ മുഹ്‌സിനയുടെ കുടുംബം പുനലൂര്‍ പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്ത് മുഹ്‌സിന ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു മുഹ്‌സിന. മൂന്ന് വര്‍ഷമായി മക്കയിലാണ് താമസം. ഭര്‍ത്താവ് സമീര്‍ റിയാദിലാണ് ജോലി ചെയ്യുന്നത്. അടുത്തിടെ നാട്ടില്‍ വന്ന് പോയതാണ് സമീര്‍. മുഹ്‌സിനയുടെ മരണ വിവരം അറിഞ്ഞ് സമീര്‍ മക്കയിലേക്ക് തിരിച്ചിരുന്നു. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്.
ഭര്‍ത്താവ് സമീറിനെതിരെയാണ് മുഹ്‌സിനയുടെ കുടുബം പുനലൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്. കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയയുടെ മരണം സ്ത്രീധന പീഡനം കാരണമാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ സംഭവം. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ ജോലി ചെയ്തിരുന്ന കിരണിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications