മുഖം മിനുക്കാൻ കൊല്ലം റെയിൽവേ സ്റ്റേഷൻ; വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങൾ: വിശദവിവരം
കൊല്ലം: വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി കൊല്ലം റെയിൽ വേ സ്റ്റേഷൻ. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി 2025 ഡിസംബറിൽ കമ്മീഷൻ ചെയ്ത് പ്രവർത്തനം ആരംഭിക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. കരാർ പ്രകാരം 2026 ജനുവരി 21 നാണ് പ്രവൃത്തികൾ പൂർത്തിയാക്കേണ്ടത്, നിർമാണ പ്രവർത്തനങ്ങളും നൽകാൻ ഉദ്ദേശിക്കുന്ന സേവനങ്ങളും പ്ലാറ്റിനം ഗ്രേഡിലായിരിക്കും നടപ്പിലാക്കുന്നത്.
കരാർ സമയത്ത് നിർമാണത്തിന് ഗോൾഡ് നിലവാരമാണ് ആലോചിച്ചിരുന്നതെങ്കിലും എം പിയുടെ ആവശ്യത്തെ തുടർന്നായിരുന്നു കൂടുതൽ പരിസ്ഥിതി സൗഹൃദവും ആധുനികവുമായ പ്ലാറ്റിനം നിലവാരത്തിലേക്ക് നിർമാണ രീതി മാറ്റാൻ നിർദ്ദേശം നൽകിയത്. ദക്ഷിണ റെയിൽവേ കൺസ്ട്രക്‌ഷൻ വിഭാഗം സി എ ഒയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിലായിരുന്നു തീരുമാനങ്ങൾ.

സ്റ്റേഷന്റെ തെക്ക് ഭാഗത്ത് ഉള്ള ഒന്നാം ടെർമിനൽ കെട്ടിടത്തിന് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 5 നിലകൾ ആണ് ഉള്ളത്. 55000 ചതുരശ്ര അടി വിസ്തീർണം ഉള്ള കെട്ടിടത്തിൽ യാത്രക്കാർക്ക് ഉള്ള കാത്തിരിപ്പ് കേന്ദ്രം, ലോഞ്ചുകൾ, കൊമേഷ്യൽ ഏരിയ എന്നിവ ഉണ്ടാകും,
താഴത്തെ നിലയിൽ ശുചിമുറി, ബേബി കെയർ, ഫീഡിംഗ് റൂം, ഹെൽപ്പ് ഡെസ്ക്, കൊമേഷ്യൽ ഔട് ലെറ്റ്, കിയോസ്കുകൾ എന്നിവ ഉണ്ടാവും. 2 എസ്കലേറ്ററും 8 ലിഫ്റ്റുകളും ബാഗേജ് സ്കാനറും കംപ്യൂട്ടറൈസ്ഡ് മൾട്ടി എനർജി എക്സ്റേയും ഒരുക്കും.
രാജ്യാന്തര നിലവാരത്തിലുള്ള വിമാനത്താവളങ്ങൾക്ക് സമാനമായ സൗകര്യങ്ങളാണ് എയർ കോൺ കോഴ്സിൽ ഒരുക്കുന്നത്. 36 മീറ്റർ വീതിയിൽ രണ്ട് ടെർമിനലുകളേയും യോജിപ്പിക്കുന്നതും എല്ലാ പ്ലാറ്റ് ഫോമുകളേയും ബന്ധിപ്പിക്കുന്നതുമാണ് എയർ കോൺകോഴ്സ്, 4 എസ്കലേറ്ററുകളും 4 ലിഫ്റ്റുകളും സ്ഥാപിക്കും. പൂർണമായും പരിസ്ഥിതി സൗഹൃദമായ നിലവാരത്തിലാണ് നിർമാണം.
റസ്റ്റോറന്റുകൾ, ഔട്ലെറ്റുകൾ, റീട്ടെയിൽ ഔട് ലെറ്റുകൾ എന്നാ സൗകര്യങ്ങളും ഉണ്ടാകും. സാധാരണ ഗതിയിൽ റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ള പ്രവേശനം ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഉളളവർക്ക് മാത്രം ആണ്. എന്നാൽ പുതിയതായി ഒരുക്കുന്ന മാളിന് സമാനമായ സൗകര്യം ഉള്ള കോൺകോഴ്സിൽ പൊതുജനങ്ങക്ക് ടിക്കറ്റില്ലാതെ പ്രവേശിക്കാം.
പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമായി 5 നിലകളുള്ള മൾട്ടി ലവൽ കാർ പാർക്കിംഗ് സംവിധാനം ഒരുക്കും. കാർ പാർക്കിംഗ് സമുച്ചയത്തിൽ 2 ലിഫ്റ്റുകൾ ഉണ്ടാകും. ഒരേ സമയം 239 ബൈക്കുകൾക്കും 150 കാറുകൾക്കും പാർക്ക് ചെയ്യാൻ കഴിയും. ഇത് കൂടതെ താഴെയും പാർക്കിങ്ങിനും സൗകര്യം തയ്യാറാക്കും.












Click it and Unblock the Notifications