അഭിഗേലിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്, കാറിലേക്ക് വലിച്ച് കയറ്റി; എല്ലാത്തിനും സാക്ഷിയായി ഒരാള്‍..!
കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടു പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. അബിഗേല്‍ സാറ റെജിയെ സംഘം കാറിലേക്ക് വലിച്ച് കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സഹോദരനെയും വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നതും പുറത്ത് വന്ന വീഡിയോയില്‍ ഉണ്ട്.
ഇതാരാണ് എന്ന് വ്യക്തമായിട്ടില്ല. താനാണ് ദൃക്സാക്ഷിയെന്ന് അവകാശപ്പെട്ട് ഈ സമയം വരെ പൊലീസിനെ ആരും സമീപിച്ചിട്ടില്ല. ഈ വ്യക്തിയെ കണ്ടെത്തിയാല്‍ പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. കുട്ടിയുമായി പിടിവലി നടക്കുന്നതും ബലമായി കാറില്‍ കയറ്റി കൊണ്ടുപോകുന്നതിന്റേയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഈ വാഹനം കുട്ടികളെ കാത്ത് നില്‍ക്കുന്നതും യൂ ടേണ്‍ എടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതേസമയം കുട്ടിയെ കാണാതായി 13 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് ഐ ജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. അതിനിടെ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രവും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്.
ഇന്നലെ വൈകീട്ട് 4.45 നാണ് അഭിഗേല്‍ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. സഹോദരന്‍ ജോനാഥനൊപ്പം ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരവെയായിരുന്നു സംഭവം. വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. സഹോദരനേയും കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നു എന്നാണ് സഹോദരന്‍ പറയുന്നത്.
ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ കുട്ടികളോട് പറയുകയായിരുന്നു. ഇത് വാങ്ങാനായി അടുത്തെത്തിയപ്പോള്‍ കുട്ടിയെ കാറിലേക്ക് വലിച്ചിടുകയായിരുന്നു. അതിനിടെ സംഭവം നടന്ന് ഇത്രയും സമയത്തിനിടെ രണ്ട് തവണ അക്രമി സംഘം മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചിരുന്നു. ഇന്ന് 10 മണിക്കുള്ളില്‍ 10 ലക്ഷം രൂപ തയ്യാറാക്കി വെക്കണം എന്നാണ് സംഘം ആവശ്യപ്പെട്ടത്.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ അറിയിക്കണം എന്ന് പൊലീസ് അറിയിച്ചു. എല്ലാ ജില്ലകളിലും പരിശോധന നടത്താനാണ് ക്രമസമാധാനച്ചുമതലയുള്ള എ ഡി ജി പി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.












Click it and Unblock the Notifications