4 മാസം മുമ്പ് മോഷണം നടന്ന കടയിൽ വീണ്ടും മോഷണം; ഇത്തവണ ഉച്ചസമയത്ത്

ഇരവിപുരം: ∙ 4 മാസം മുൻപ് മോഷണം നടന്ന കടയിൽ വീണ്ടും മോഷണം. ഇരവിപുരം ജംക്‌ഷനിലുള്ള റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ ശിവപ്രസാദിന്റെ ഉടമസ്ഥതയിലുള്ള ഡ്രീംസ് അക്വേറിയം എന്ന കടയിലാണ് ഇപ്പോൾ വീണ്ടും മോഷണം നടന്നത്.
നേരത്തെ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ സഹിതം ഉടമ ഇരവിപുരം പൊലീസിൽ നൽകിയെങ്കിലും പൊലീസ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന ആരോപണം നിലനിൽക്കുമ്പോളാണ് ഇപ്പോൾ വീണ്ടും മോഷണം. മേശയിൽ സൂക്ഷിച്ചിരുന്ന നാൽപതിനായിരത്തോളം രൂപയും ഒരു മൊബൈൽ ഫോണും കവർന്നു.
തിങ്കൾ ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. ഉടമ ആഹാരം കഴിക്കുന്നതിനായി വീട്ടിലേക്കു പോയ സമയം മുൻവശത്തെ വാതിലിന്റെ പകുതി തകർത്ത് അകത്തു കടന്ന മോഷ്ടാവ് മേശ കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും എടുത്ത ശേഷം പിൻവാതിലൂടെ പുറത്ത് കടക്കുകയായിരുന്നു.
കടയിലെയും പരിസരത്തെയും നിരീക്ഷണ ക്യാമറകളിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യം ഇരവിപുരം പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 4 മാസം മുൻപ് ഇവിടെ നിന്നും അലങ്കാര പക്ഷികൾ മോഷണം പോയിരുന്നു. അതേ സംഘത്തിൽപ്പെട്ട ഒരാൾ തന്നെയാണ് ഇപ്പോഴും മോഷണം നടത്തിയത്.












Click it and Unblock the Notifications