കൂടിനുള്ളിൽ കരുതിയിരുന്ന പഴം എടുക്കാനെത്തി; അഞ്ച് മാസക്കാലം ജനങ്ങളെ വലച്ച കുരങ്ങൻ ഒടുവിൽ പിടിയിലായി
ശാസ്താംകോട്ട: ശൂരനാട് വടക്ക് കണ്ണമം, കുന്നിരാടം പ്രദേശത്തെ ജനങ്ങളെ വലച്ച കുരങ്ങൻ ഒടുവിൽ പിടിയിലായി. അഞ്ച് മാസക്കാലമായി ഈ കുരങ്ങ് പ്രദേശത്ത് ശല്യമായി മാറുകയായിരുന്നു. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങുകയായിരുന്നു. കാർഷിക വിളകളും വാട്ടർ ടാങ്കും പൈപ്പും തുണികളും വീട്ടുസാധനങ്ങളുമൊക്കെ കുരങ്ങുകൾ നശിപ്പിക്കുകയായിരുന്നു.
കുരങ്ങിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു. രണ്ട് ദിവസം മുൻപാണ് കോന്നിയിൽ നിന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കുരങ്ങിനെ പിടികൂടാനായി കുന്നിരാടത്ത് കൂട് സ്ഥാപിച്ചത്.

ശനിയാഴ്ച ഉച്ചയോടെ കൂടിനുള്ളിൽ കരുതിയിരുന്ന പഴം എടുക്കുന്നതിനായി എത്തിയ കുരങ്ങ് കെണിയിൽ പെടുകയായിരുന്നു. കുരങ്ങ് കെണിയിലായ വിവരം അറിഞ്ഞ് നിരവധിപേരാണ് എത്തിയത്. വനവകുപ്പ് ഉദ്യോഗസ്ഥർ വൈകുന്നേരം സ്ഥലത്തെത്തി കുരങ്ങിനെ ഏറ്റെടുത്തു. കോന്നി സ്ട്രൈക്കിംഗ് ഫോഴ്സിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ ദിൻഷിനെ പ്രദേശവാസികൾക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.
പഞ്ചായത്ത് അംഗം അഞ്ജലി നാഥ്, ശാസ്താംകോട്ട മുൻ ഗ്രാമപഞ്ചായത്ത് അംഗം എസ് ദിലീപ് കുമാർ, അരുൺ ഗോവിന്ദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഡി രാജേഷ്, സുധീഷ്, ലാലു എസ് കുമാർ, മഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.












Click it and Unblock the Notifications