വേനൽച്ചൂട് : പുനലൂരിലും മറ്റു മലയോര മേഖലകളിലും താപനില 36 ഡിഗ്രിക്കും മുകളിൽ
ചൂടിനൊപ്പം പനി കൂടി പടരുന്ന സാഹചര്യമുള്ളതിനാൽ ആരോഗ്യ വകുപ്പും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പനി, തൊണ്ടവേദന, ചുമ എന്നീ ലക്ഷണങ്ങളുള്ളവരുടെ സാംപിളുകൾ പകർച്ചപ്പനി പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് നിർദേശം.

കൊല്ലം: വേനൽ കടുത്തതോടെ ജില്ലയിൽ ചൂട് വർദ്ധിക്കുന്നു. 36 ഡിഗ്രിക്കും മുകളിലാണ് പുനലൂരും മറ്റു മലയോര മേഖലകളിലും അനുഭവപ്പെടുന്ന താപനില. ചൂടിന്റെ തീവ്രത വിലയിരുത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആദ്യമായി പ്രസിദ്ധീകരിച്ച താപസൂചികാ ഭൂപടത്തിൽ കടുത്ത ചൂട് എന്ന വിഭാഗത്തിലാണു ജില്ല വരുന്നത്. അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈർപ്പവും ചേർന്ന് അനുഭവപ്പെടുന്ന ചൂടാണ് താപസൂചികയിലുള്ളത്.
ജനുവരി ആദ്യം മുതലേ ജില്ലയിൽ ചൂട് കൂടി വരുന്ന അവസ്ഥയിലാണ്. സ്വാഭാവിക ജലസ്രോതസ്സുകളും വറ്റിത്തുടങ്ങുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. കുടിവെള്ളമില്ലാത്ത അവസ്ഥയും ഉയർന്നുകഴിഞ്ഞു. കൃഷി മേഖലയെയും ഇതു ബാധിക്കും. വളർത്തുമൃഗങ്ങളുടെ കാര്യത്തിലും ചൂടു കാലത്തു പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ചൂടിനൊപ്പം പനി കൂടി പടരുന്ന സാഹചര്യമുള്ളതിനാൽ ആരോഗ്യ വകുപ്പും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പനി, തൊണ്ടവേദന, ചുമ എന്നീ ലക്ഷണങ്ങളുള്ളവരുടെ സാംപിളുകൾ പകർച്ചപ്പനി പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് നിർദേശം. വലിയ ശ്രദ്ധ എല്ലാ മേഖലയിലും വേണ്ട 2 മാസമാണ് ഇനി വരാനിരിക്കുന്നത്. വേനൽമഴ കൂടി കനിഞ്ഞില്ലെങ്കിൽ ജില്ലയുടെ കാര്യം വലിയ ബുദ്ധിമുട്ടിലാകും.
ചൂടു വർധിച്ചതോടെ ജില്ലയിൽ തീപിടിത്തങ്ങളുടെ എണ്ണവും കുതിച്ചുയരുകയാണ്. ദിവസേനയുള്ള തീപിടിത്തങ്ങളുടെ എണ്ണം വർധിച്ചതോടെ നിലയ്ക്കാത്ത വിളികളാണ് അഗ്നി രക്ഷാസേനയിലേക്കെത്തുന്നത്. ചൂട് ഉയർന്ന സമയത്തു മാലിന്യങ്ങൾ കത്തിക്കുന്നതോടെ തീ മിക്കയിടങ്ങളിലും തീ പടരുന്ന സ്ഥിതിയും ഉണ്ട്. വലിച്ചെറിയപ്പെട്ടതും കൂട്ടിയിട്ടതുമായ മാലിന്യങ്ങൾക്കും തീപിടിക്കുന്നുണ്ട്.
ഉച്ച സമയത്തു മാലിന്യങ്ങൾ കത്തിക്കരുതെന്ന് മുന്നറിയിപ്പുണ്ടെങ്കിലും പലരും അവഗണിക്കുകയാണ്. എല്ലായിടത്തും ഓടിയെത്താൻ കഴിയാതെ വലയുന്ന അഗ്നി രക്ഷാസേനയ്ക്ക് ഇനിയുള്ള 2 മാസവും കഠിനമായിരിക്കും.
ശ്രദ്ധിക്കാൻ
∙ധാരാളം വെള്ളം കുടിക്കുക.
∙ഉച്ചയ്ക്ക് 12 മുതൽ 3 വരെ പരമാവധി വെയിൽ കൊള്ളാതിരിക്കുക
∙വെളുത്തതോ ഇളം നിറത്തിലുള്ളതോ കട്ടി കുറഞ്ഞതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക
∙ജോലി സ്ഥലങ്ങളിലും വീടുകളിലും പരമാവധി കാറ്റു കയറുന്ന രീതിയിൽ തുറന്നിടുക.
∙മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും ചെയ്യുക
∙വെയിലത്തു പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തിപ്പോകരുത്.
∙പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ തോന്നിയാൽ ഉടൻ ആശുപത്രികളെ സമീപിക്കുക.












Click it and Unblock the Notifications