വീട്ടിലേക്ക് പോകാൻ ബസ് കാത്ത് മടുത്തു;നിർത്തിയിട്ട കെഎസ്ആർടിസി ബസ്സുമെടുത്ത് യുവാവ് ഒറ്റപ്പോക്ക്
കൊല്ലം: ബസ് കാത്തുനിന്ന് മടുത്ത യുവാവ് കെ എസ് ആർ ടി സി ബസ് ഓടിച്ച് വീട്ടിൽ പോയി. പുനലൂർ കെ എസ് ആർ ടി സി സ്റ്റാന്റിലാണ് സംഭവം. അർദ്ധ രാത്രിയാണ് തെന്മല ഉറുകുന്ന് ആര്യ ഭവനിൽ ബിനീഷ്കുമാർ ( 23 ) ബസ് എടുത്തുപോയത്. ഇയാൾ ലോറി ഡ്രൈവറാണ്. വീട്ടിലേക്ക് പോകാൻ കുറെ നേരം കാത്തുനിന്നപ്പോഴാണ് ബിനീഷ് ഡിപ്പോയ്ക്ക് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്നു ആർ എ എ 121 വേണാട് ഓർഡിനറി ബസ് കണ്ടത്.
പിറ്റേന്ന് രാവിലെ തിരുവനന്തപുരത്തേക്ക് പോകാൻ ഒതുക്കിനിർത്തിയതായിരുന്നു ബസ്. ഈ ഭാഗത്ത് വെളിച്ചം കുറവായിരുന്നു. ബട്ടൺ അമർത്തിയാൽ സ്റ്റാർട്ട് ആകുന്ന സംവിധാനം ആയതുകൊണ്ട് ബിനീഷിന് എളുപ്പത്തിൽ ബസ് സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞു. പുനലൂർ തൂക്കുപാലത്തിന് സമാന്തരമായ വലിയ പാലം പിന്നിട്ട് ടി ബി ജംക്ഷനിലേക്ക് പോകവെ ഹെഡ് ലൈറ്റ് ഇല്ലാതെ പാഞ്ഞുവരുന്ന ബസ് ഹൈവെ പോലീസ് കണ്ടു. കൈ കാണിച്ചെങ്കിലും ബിനീഷ് ബസ് നിർത്തിയില്ല.

റൂട്ട് മാറ്റി ഐക്കരക്കോണം റോഡിലൂടെ പോയി. ഒരു കിലോ മീറ്ററോളം ഓടിച്ച ശേഷം ബസ് നിർത്തി ഓടാൻ നോക്കി. പിന്നാലെ വന്ന പോലീസ് ഓവർടേക്ക് ചെയ്ത് പിടികൂടി. ബസ് കസ്റ്റഡിയിൽ എടുത്തു. 30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് പുനലൂർ പോലീസ് കേസെടുത്തു. ബിനീഷിനെ റിമാൻഡ് ചെയ്തു. തുടർ നടപടികൾക്ക് ശേഷം ബസ് അടുത്ത ദിവസം കെ എസ് ആർ ടി സിക്ക് വിട്ടുനൽകും.












Click it and Unblock the Notifications