റോഡരികില്‍ കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ റോഡ് റോളര്‍ കയറിയിറങ്ങി, ദാരുണാന്ത്യം
അഞ്ചല്‍: റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചലിലാണ് നടുക്കുന്ന അപകടം. റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന അഞ്ചല്‍ അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദാണ് (37) മരിച്ചത്. അഞ്ചല്‍ ബൈപ്പാസിന്റെ പണി നടക്കുന്ന കുരിശുമുക്കില്‍ വെള്ളിയാഴ്ച രാത്രി 11.30 നാണ് അപകടം. ഇവിടത്തെ റോഡ് പണിക്കായി കൊണ്ടുവന്നതായിരുന്നു റോഡ് റോളര്‍.
ഇത് വഴിയരികില്‍ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. രാത്രി റോഡ് റോളര്‍ എടുത്ത് കൊണ്ടു പോകുമ്പോള്‍ അതിനു മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന വിനോദിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ റോഡ് റോളര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ബൈപ്പാസില്‍ തെരുവ് വിളക്കുകള്‍ ഇല്ലാതിരുന്നതിനാല്‍ വിനോദ് കിടക്കുന്നത് കണ്ടില്ലെന്നാണ് ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

പ്രതീകാത്മക ചിത്രം
അപകടത്തില്‍ വിനോദിന്റെ തല തകര്‍ന്ന നിലയിലായിരുന്നു. സമീപത്ത് നിന്ന് ലഭിച്ച മൊബൈലില്‍ നിന്നാണ് വിനോദിനെ തിരിച്ചറിഞ്ഞത്. വിനോദ് മദ്യപിച്ച ശേഷം ഇവിടെ കിടക്കുകയായിരുന്നു എന്ന് വിവരമുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് എത്തിയാണ് വിനോദിന്റെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
വിനോദ് അവിവാഹിതനാണ്. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.












Click it and Unblock the Notifications