കെഎസ്ആർടിസി ബസിൽ നിന്ന് ഡീസൽ മോഷ്ടിച്ചുമുങ്ങി; ഡ്രൈവർക്കെതിരെ കേസ്
കൊല്ലം: കെഎസ്ആർടിസി ബസിൽ നിന്നു ഡീസൽ മോഷ്ടിച്ച ഡ്രൈവർക്ക് എതിരെ കേസ്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ എസ്.സലീമിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്.
ഇന്നലെയാണ് മോഷണം. രാവിലെ 5നു കൊല്ലം ഡിപ്പോയിലെ ഡീസൽ പമ്പിനു സമീപം പാർക്ക് ചെയ്തിരുന്ന ബസിൽ നിന്നാണ് 10 ലീറ്റർ ഡീസൽ മോഷ്ടിക്കാൻ ശ്രമിച്ചത്.

മോഷണം നടത്തുമ്പോൾ പമ്പ് ഓപ്പറേറ്റർ എത്തി കന്നാസിൽ നിറച്ച ഡീസലുമായി ഡ്രൈവറെ പിടികൂടുകയായിരുന്നു. തുടർന്ന്, ഉന്നത ഉദ്യോഗസ്ഥരെയും ഈസ്റ്റ് പോലീസിലും വിവരം അറിയിച്ചു.
പോലീസ് സംഘം ഡിപ്പോയിൽ എത്തിയപ്പോഴേക്കും ഇയാൾ അവിടെ നിന്ന് പോയിരുന്നു. കെഎസ്ആർടിസി കൊല്ലം അസി.ക്ലസ്റ്റർ ഓഫീസർ ആണ് പൊലീസിൽ പരാതി നൽകിയത്. കൊല്ലം - കുളത്തൂപ്പുഴ സർവീസിനു പോകേണ്ട ഡ്യൂട്ടിയിൽ ഉള്ള ഡ്രൈവറായിരുന്നു എസ്.സലിം.
എന്നാൽ, ഇയാൾ ഇവിടെ നിന്നും പോയിക്കളഞ്ഞതു കൊണ്ട് സർവീസ് നടത്താൻ സാധിച്ചില്ല. ഇയാളെ സർവീസിൽ നിന്നു പിരിച്ച് വിടുന്നത് ഉൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്നു കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.












Click it and Unblock the Notifications