കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹരിഗോവിന്ദിന് മുന്നിൽ ദൈവദൂതയായി വനിതാ പോലീസ് ഓഫീസർ, കയ്യടി നേടി ശോഭാ മണി

Google Oneindia Malayalam News

കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തി ഡ്രസ് കോഡ് പാലിക്കാൻ സാധിക്കാതിരുന്നതിന്റെ പേരിൽ പ്രവേശനം കിട്ടാതിരുന്ന കുട്ടിയെ സഹായിച്ച് കയ്യടികൾ ഏറ്റുവാങ്ങുകയാണ് പോലീസുകാരിയായ ശോഭാ മണി. കൊല്ലത്താണ് സംഭവം. കേരള പോലീസ് സംഭവത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്ന കുറിപ്പ് വായിക്കാം: ''വീട്ടില്‍ അമ്മയില്ലെങ്കിലെന്താ നാട്ടില്‍ വനിതാ പോലീസ് ആന്‍റിമാരുണ്ടെങ്കില്‍ എന്തിനും പരിഹാരമുണ്ട്. കൊല്ലം കോയിവിള സ്വദേശി ഹരിഗോവിന്ദിന്‍റെ അനുഭവമങ്ങനെയാണ്. അമ്മയുടെ താങ്ങും തണലും ഉറപ്പുനല്‍കി കൂടെ നിന്നത് ശൂരനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ശോഭാ മണിയും.

ഞായറാഴ്ച നടന്ന അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ശൂരനാടുളള പരീക്ഷാ കേന്ദ്രത്തില്‍ എത്തിയതായിരുന്നു ഹരിഗോവിന്ദ്. അച്ഛനും അമ്മയ്ക്കും അനിയത്തി ഹരിനന്ദനയോടൊപ്പം മറ്റൊരു ആവശ്യത്തിന് പുലര്‍ച്ചെ പോകേണ്ടിവന്നതിനാല്‍ ബന്ധുവിനൊപ്പമാണ് ഹരിഗോവിന്ദ് പരീക്ഷയ്ക്കെത്തിയത്. അവനെ പരീക്ഷാ കേന്ദ്രത്തിലാക്കി ബന്ധു മടങ്ങിപ്പോയി. നീറ്റ് മാനദണ്ഡങ്ങളെല്ലാം മനസിലാക്കിയിരുന്നെങ്കിലും പരീക്ഷയ്ക്ക് ധരിക്കാനായി അമ്മ മാറ്റിവച്ചിരുന്ന വസ്ത്രത്തിന് പകരം മറ്റൊന്നു ധരിച്ചതായിരുന്നു വിനയായത്.

ജീന്‍സ് ധരിച്ച ഹരിഗോവിന്ദിന് പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിക്കാനായില്ല. സഹായം ചോദിക്കാന്‍ മാതാപിതാക്കളും ബന്ധുക്കളും കൂടെയില്ല, കൈയ്യില്‍ ഫോണുമില്ല. രാവിലെ 11 മണിയോടുകൂടി തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടു തുടങ്ങി. കഠിന പ്രയത്നം ചെയ്ത് എത്തിയ ശേഷം പരീക്ഷയ്ക്ക് കയറാന്‍ കഴിയാത്ത നിസഹായതയില്‍ ഹരിഗോവിന്ദ് മാത്രം പുറത്തും.

police

പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ മറ്റ് പോലീസുകാര്‍ക്കൊപ്പം ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു ശൂരനാട് പോലീസ് സ്റ്റേഷനിലെ ശോഭാമണി. ഒന്നര മണിവരെയാണ് കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുളളത്. ഒരു മണി കഴിഞ്ഞപ്പോള്‍ തന്നെ ഏകദേശം കുട്ടികളും എത്തിക്കഴിഞ്ഞിരുന്നു. എന്നാല്‍ 1.20 കഴിഞ്ഞിട്ടും പരീക്ഷാ കേന്ദ്രത്തിലേക്ക് കയറാതെ ഒരു കുട്ടി സങ്കടപ്പെട്ട് റോഡരികില്‍ നില്‍ക്കുന്നത് കണ്ണില്‍പ്പെട്ട ശോഭാമണിയുടെ ഉളളിലെ അമ്മ മനസ് ഉണര്‍ന്നു. അടുത്തെത്തി വിവരം തിരക്കിയപ്പോള്‍ ഡ്രസ് കോഡ് പാലിക്കാത്തതിനാല്‍ പരീക്ഷയ്ക്ക് കയറാന്‍ കഴിയാത്തതാണെന്ന് മനസിലായി. പരീക്ഷയെഴുതണമെങ്കില്‍ പത്ത് മിനിറ്റിനുളളില്‍ അവനെ ഹാളില്‍ കയറ്റണം.

പിന്നെല്ലാം പോലീസിന്‍റെ അതിവേഗ നടപടി. സ്വന്തം പോക്കറ്റില്‍ നിന്നും പൈസ നല്‍കി അവനെ അടുത്തുളള കടയിലേക്കോടിച്ചു. ബര്‍മുഡയായാലും മതി ജീന്‍സിന് പകരം കൈയ്യില്‍ കിട്ടുന്ന മറ്റൊന്ന് വാങ്ങിയിട്ട് വേഗമെത്താന്‍ പുറകെ വിളിച്ച് പറഞ്ഞു. കടയിലേക്ക് പാഞ്ഞ ഹരിഗോവിന്ദ് നിമിഷങ്ങള്‍ക്കകം തിരികെയെത്തി. പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന പരിഭ്രമത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അവന്‍. ഇതൊക്കെ സാധാരണമാണെന്നും ഒരു ടെന്‍ഷനുമില്ലാതെ പരീക്ഷ എഴുതണമെന്നും ആശ്വസിപ്പിച്ച് ശോഭാമണി അവനെ പരീക്ഷാ ഹാളിലേക്ക് കയറ്റിവിട്ടു. അവസാന ആളായി പരീക്ഷാ ഹാളിലേക്ക് ഹരിഗോവിന്ദ് ഓടിക്കയറുന്നത് കണ്ട ആശ്വാസത്തില്‍ ഡ്യൂട്ടികഴിഞ്ഞ് മടങ്ങി. അസിസ്റ്റന്‍റ് റൈറ്റര്‍ കൂടിയായതിനാല്‍ പിടിപ്പത് പണിയുണ്ടായിരുന്നതിനാല്‍ സ്റ്റേഷനിലെത്തിയതോടെ ശോഭാമണി ഈ സംഭവമെല്ലാം മറന്ന് പതിവ് തിരക്കുകളിലേക്ക് പോയി.

മകനില്‍ നിന്നും വിവരമറിഞ്ഞ ഹരിഗോവിന്ദിന്‍റെ അച്ഛന്‍ കെ.ശിശുപാലന്‍പിളള മകനെ സഹായിച്ച പോലീസുദ്യോഗസ്ഥയെ പറ്റി ഫെയ്സ്ബുക്കില്‍ കുറിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രായക്കുറവും കൈയ്യില്‍ മൊബൈല്‍ ഫോണില്ലാത്തതിന്‍റെ ടെന്‍ഷനുമൊക്കെക്കൂടി പകച്ചുപോയ തന്‍റെ മകനെ തക്കസമയത്ത് ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്ത ആ പോലീസ് ഉദ്യോഗസ്ഥ ദൈവദൂതയായാണെന്ന വിശ്വാസത്തിലാണ് ആ കുടുംബം. പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഇത്തരം ഉദ്യോഗസ്ഥരാണ് ജനങ്ങളെ പോലീസിനോട് ചേര്‍ത്തുനിര്‍ത്തുന്നതെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അയ്യന്‍കോയിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ എസ്.പി.സി കേഡറ്റാണ് ഹരിഗോവിന്ദിന്‍റെ അനിയത്തി. സ്കൂളിലെ എസ്.പി.സി ഇന്‍സട്രക്റ്ററായ പോലീസ് ഉദ്യോഗസ്ഥന്‍റെ സഹായത്തോടെയാണ് ഈ കുടുംബം മകനെ സഹായിച്ച പോലീസുദ്യോഗസ്ഥയെ കണ്ടെത്തി തങ്ങളുടെ നന്ദി അറിയിച്ചത്. പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇന്സ്പെക്ടറാണ് ശിശുപാലന്‍പിളള.

English summary
Lady police officer helps neet exam candidate at kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X