പിളർപ്പില്‍ ഗണേഷിന് പിന്തുണ നല്‍കി എല്‍ഡിഎഫ്: യുഡിഎഫിലേക്ക് ചേക്കേറാന്‍ വിമത വിഭാഗം
കൊല്ലം: കേരള കോണ്‍ഗ്രസ് ബി പിളർന്നുവെന്ന വാർത്തകള്‍ തള്ളി പാർട്ടി കൊല്ലം ജില്ലാ പ്രസിഡന്റ് പികെ ജേക്കബ്. പാർട്ടി ഒറ്റക്കെട്ടാണെന്നും ഒരു പാർട്ടി അംഗംപോലും ഉഷ മോഹൻദാസിനോടൊപ്പം പോയിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ബി യില്‍ നിന്നും ഉഷാമോഹന്‍ദാസിന് ഒരു പിന്തുണയും ലഭിച്ചിട്ടില്ല. നിലവില്‍ യു ഡി എഫിനൊപ്പം പ്രവർത്തിച്ചുകൊണ്ടിരുന്ന മൂന്നുപേരും കേരള കോൺഗ്രസ് പാർട്ടി അംഗത്വം ഇല്ലാത്തവരും ചേർന്നാണ് ഉഷ മോഹന്‍ദാസിനെ ചെയർപേഴ്സനാക്കിയത്.
ഇതുവരെ പാർട്ടി അംഗത്വം പോലും ഇല്ലാത്ത ഒരാളെയാണ് ഒരു സുപ്രഭാതത്തില്‍ പാർട്ടി ചെയർപേഴ്സണായി പ്രഖ്യാപിച്ചത്. പാർട്ടി ഘടകങ്ങളിലൊന്നും അവർ ഇതുവരെയും പ്രവർത്തിച്ചിട്ടില്ല. തലസ്ഥാന നഗരത്തിലുള്ള പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കുകയാണ് ഈ നീക്കത്തിലൂടെ അവർ ലക്ഷ്യമിടുന്നതെന്നും പി കെ ജേക്കബ് പറഞ്ഞു.

കേരള കോൺഗ്രസ്-ബി ഇടതുമുന്നണിയുടെ ഘടകകക്ഷിയാണ്. അത് ഇനിയും തുടരും. ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്ന ആരും പാർട്ടി വിട്ടുപോയിട്ടില്ല. എല്ലാ ജില്ലകളിലും ജില്ല ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും കേരള കോൺഗ്രസ്-ബിയിൽ തന്നെയാണ്. പാർട്ടി വിട്ടുവെന്ന് അവർ അവകാശപ്പെടുന്ന ആളുകള്‍ ഉണ്ടെങ്കില്‍ പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേരള കോണ്‍ഗ്രസ് ബി യിലെ പിളർപ്പ് മുന്നണിയി അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി എല്‍ ഡി എഫ് കൊല്ലം ജില്ലാ നേതൃത്വവും രംഗത്ത് എത്തി. ഗണേഷ് കുമാർ അധ്യക്ഷനായ പാർട്ടിയാണ് എൽ ഡി എഫിലുള്ളത്. പാർട്ടി പിളർന്നെങ്കിൽ എൽ ഡി എഫ് ജില്ലാ നേതൃത്വം അറിയേണ്ടതാണെന്നും എല്‍ ഡി എഫ് ജില്ലാ കൺവീൻ എൻ അനിരുദ്ധൻ പറഞ്ഞു. റിപ്പോർട്ടർ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉഷയ്ക്കും ഭർത്താവിനും രാഷ്ട്രിയത്തിൽ മുൻ പരിചയമില്ല. ഗണേഷ് കുമാറും ഉഷാ മോഹന്‍ദാസും തമ്മിലെ വിൽപത്ര വിവാദമുള്‍പ്പടെയുള്ള കുടുംബ പ്രശ്നങ്ങളില്‍ മുന്നണിയെ കക്ഷിയാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ മുന്നണിയുടെ പിന്തുണ കെ ബി ഗണേഷ് കുമാറിനാണെന്നത് വ്യക്തമായി. കേരള കോണ്‍ഗ്രസ് ബിക്ക് ശക്തമായ വേരോട്ടമുള്ള കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റികൾ ഇപ്പോഴും ഗണേശിനൊപ്പമാണ്. ഇതാണ് എല്‍ ഡി എഫ് നിലപാടിലും നിർണ്ണായകമായത്.

ഡിസംബർ 21 ന് പ്രത്യേക സംസ്ഥാന സമിതി വിളിച്ചായിരുന്നു വിമത വിഭാഗം ഉഷാ മോഹന്‍ദാസിനെ ചെയർപേഴ്സണായി നിയമിച്ചത്. പാര്‍ട്ടി സീനിയര്‍ വൈസ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എം വി മാണി, വൈസ് ചെയര്‍മാന്‍ പോള്‍ ജോസഫ്, ജനറല്‍ സെക്രട്ടറി നജീം പാലക്കണ്ടി തുടങ്ങി സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പോൾ ജോസഫ് (വൈസ് ചെയർമാൻ), എം വി മാണി (വർക്കിങ് ചെയർമാൻ) എന്നിവരെ നിയമിച്ച യോഗം കെബി ഗണേഷ് കുമാറിനെ വൈസ് ചെയർപേഴ്സണായി തരം താഴ്ത്തുകയും ചെയ്തു.

സംസ്ഥാനസമിതി വിളിച്ചുചേർക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേഷ് അവഗണിക്കുന്നുവെന്നായിരുന്നു വിമതരുടെ പരാതി. ഇതോടെയാണ് സ്വന്തം നിലക്ക് വിമതർ സംസ്ഥാന സമിതി യോഗം വിളിച്ച് ചേർത്ത് പുതിയ കമ്മിറ്റി രൂപീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമുണ്ടെന്നായിരുന്നു വിമതരുടെ അവകാശവാദം. അതേസമയം, ഇടതു മുന്നണി പൂർണ്ണമായും കെബി ഗണേഷ് കുമാറിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചാല്‍ യുഡിഎഫിനൊപ്പം ചേരണമെന്ന വികാരവും ഉഷാ മോഹൻദാസിനൊപ്പം നിൽക്കുന്ന നേതാക്കള്‍ക്കുണ്ട്.












Click it and Unblock the Notifications