തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പരിശോധന
കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പരിശോധനയ്ക്കായി ഡിസംബര്‍ നാലു മുതല്‍ ആറുവരെ വിവിധ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
എല്ലാ പ്രഥമികാരോഗ്യ-സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയും താലൂക്ക് ആശുപത്രികളിലും താലൂക്കാസ്ഥാന ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും വിക്ടോറിയ ആശുപത്രിയിലും കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയും ടി എം വര്‍ഗ്ഗീസ് ഹാളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് ആറുവരെ രണ്ട് ഷിഫ്റ്റുകളിലായും കോവിഡ് പരിശോധന നടത്തും.
ജില്ലയിലെ അഞ്ച് താലൂക്കുകളിലും മൊബൈല്‍ സര്‍വൈലന്‍സ് ടീം പരിശോധനയ്ക്കായി സജ്ജമായിരിക്കും.ജില്ലയിലെ പോളിങ് ഓഫീസര്‍മാരും റിസര്‍വിലുള്ള ഉദ്യോഗസ്ഥരും നിമയന ഉത്തരവുമായി ഏറ്റവും അടുത്തുള്ള സ്ഥാപനത്തില്‍ എത്തി കോവിഡ് ടെസ്റ്റിന് വിധേയമാവേണ്ടതാണ്. ടെസ്റ്റ് റിസര്‍ട്ട് അതത് സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മീഷനിംഗിനായി കോര്പ്പറേഷന്-മുനിസിപ്പാലിറ്റി-ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെ വിതരണം കൊല്ലം താലൂക്കില്‍ ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ സാന്നിധ്യത്തില്‍ വരണാധികാരികള്‍ മെഷീനുകള്‍ ഏറ്റുവാങ്ങി പ്രത്യേക വാഹനങ്ങളില്‍ അതത് മണ്ഡലങ്ങളിലേക്ക് കൊണ്ടുപോയി.
ജനപ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നടക്കും.തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എസ് പി ശോഭ, കൊല്ലം തഹസീല്സാര് എസ് ശശിധരന് പിള്ള, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിതരണത്തിന് നേതൃത്വം നല്കി.