ബേബിക്കും ബാലഗോപാലിനും സാധിക്കാത്തത് മുകേഷിന് സാധിക്കുമോ? പ്രേമചന്ദ്രനെ വീഴ്ത്താന്‍ തലപുകച്ച് സിപിഎം
കൊല്ലം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലം പിടിച്ചെടുക്കാനുള്ള വാശിയില്‍ സി പി എം. യു ഡി എഫിലെ ആര്‍ എസ് പിയാണ് കൊല്ലത്ത് മത്സരിക്കുന്നത്. എന്‍ കെ പ്രേമചന്ദ്രനാണ് കഴിഞ്ഞ രണ്ട് തവണയും കൊല്ലത്ത് നിന്ന് വിജയിച്ചത്. എല്‍ ഡി എഫിലായിരുന്ന ആര്‍ എസ് പി 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് യു ഡി എഫിലേക്ക് എത്തിയത്.
2014 ല്‍ എം എ ബേബിയേയും 2019 ല്‍ കെ എന്‍ ബാലഗോപാലനേയും പരാജയപ്പെടുത്തിയാണ് പ്രേമചന്ദ്രന്‍ ലോക്‌സഭയിലേക്കെത്തിയത്. ഇത്തവണ എന്ത് വില കൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാനാണ് സി പി എമ്മിന്റെ ശ്രമം. സി പി എമ്മിന്റെ ഉരുക്കുകോട്ടയായിട്ടും ലോക്‌സഭയില്‍ കഴിഞ്ഞ രണ്ട് തവണയും തോല്‍ക്കാനായിരുന്നു പാര്‍ട്ടിയുടെ വിധി. 2016 ലേയും 2021 ലേയും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് സി പി എം മികച്ച വിജയം നേടിയിരുന്നു.

എന്നാല്‍ ലോക്‌സഭയില്‍ ഈ കരുത്ത് കാണിക്കാന്‍ സി പി എമ്മിന് സാധിച്ചിരുന്നില്ല. ഇത്തവണ ആ ക്ഷീണം മാറ്റാന്‍ എം എല്‍ എമാരേയും ജനകീയരേയും പരീക്ഷിക്കാനാണ് സി പി എം ആലോചിക്കുന്നത്. കൊല്ലം എം എല്‍ എ മുകേഷ്, ചവറ എം എല്‍ എ സുജിത് വിജയന്‍പിള്ളയും ആണ് പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. മുകേഷിന്റെ താരപരിവേഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമോ എന്നാണ് സി പി എമ്മിന്റെ സംശയം.
സുജിത്ത് വിജയന്‍ പിള്ളയാണെങ്കില്‍ കഴിഞ്ഞ തവണ പ്രേമചന്ദ്രന് ചവറയില്‍ മാത്രം കിട്ടിയ 30000 ത്തിനടത്തുള്ള ഭൂരിപക്ഷം ഇല്ലാതാക്കാം. രാഷ്ട്രീയത്തിന് അപ്പുറത്ത് മണ്ഡലത്തില്‍ ജനകീയനാണ് പ്രേമചന്ദ്രന്‍. അതിനാല്‍ മറുവശത്ത് ജനകീയ സ്ഥാനാര്‍ത്ഥി വേണം എന്ന് സി പി എം കണക്കുകൂട്ടിയാല്‍ കൊട്ടാരക്കര മുന്‍ എം എല്‍ എ ഐഷാ പോറ്റിയെ പരിഗണിച്ചേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.
മുന്‍പ് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നതിനാല്‍ ഐഷാ പോറ്റി മണ്ഡലത്തിന് സുപരിചിതയാണ്. മണ്ഡലത്തിലേക്ക് യുവ സ്ഥാനാര്‍ത്ഥികളെ പരിഗണിച്ചാല്‍ ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറര്‍ എസ് ആര്‍ അരുണ്‍ബാബുവിനോ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനോ നറുക്ക് വീഴും. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ കുണ്ടറ ഒഴികെ എല്ലായിടത്തും ഇടത് എം എല്‍ എമാരാണുള്ളത്.












Click it and Unblock the Notifications