കൊല്ലത്ത് പ്രേമചന്ദ്രന്‍ തന്നെ; ഇത്ര പരിഗണന ലഭിച്ച ഒരാളും ആര്‍എസ്പിയില്‍ ഉണ്ടാവില്ലെന്ന് പ്രേമചന്ദ്രന്‍
കൊല്ലം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിന്ന് ആര്‍ എസ് പി നേതാവും സിറ്റിംഗ് എം പിയുമായ എന്‍ കെ പ്രേമചന്ദ്രന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേണി ജോണാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് പ്രേമചന്ദ്രന്‍ ലോക്‌സഭയിലേക്കു മത്സരിക്കുന്നത്.
ആര്‍ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ പ്രേമചന്ദ്രന്‍ 1996, 1998, 2014, 2019 വര്‍ഷങ്ങളില്‍ ലോക്‌സഭാംഗമായിരുന്നു. 2000 ത്തില്‍ രാജ്യസഭാംഗവുമായി. 2006-11 കാലത്തെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ജലവിഭവവകുപ്പ് മന്ത്രിയും ആയിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ എല്‍ ഡി എഫ് വിട്ട ആര്‍ എസ് പി പിന്നീട് നാളിത് വരെയായി യു ഡി എഫിനൊപ്പമാണ്.

2014 ല്‍ എം എ ബേബിയേയും 2019 ല്‍ കെ എന്‍ ബാലഗോപാലിനേയും ആണ് യു ഡി എഫില്‍ നിന്ന് കൊണ്ട് എന്‍ കെ പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. ഇത്തവണ ഏതുവിധേനയും കൊല്ലം പിടിക്കാനാണ് എല്‍ ഡി എഫിന്റെ ശ്രമം. കൊല്ലം എം എല്‍ എയും നടനുമായ മുകേഷിനെയാണ് എല്‍ ഡി എഫ് പ്രധാനമായും മണ്ഡലത്തില്‍ പരിഗണിക്കുന്നത്. മറ്റ് പേരുകളും സജീവ പരിഗണനയിലാണ്.
അഞ്ചാം തവണയാണ് ലോക്‌സഭയിലേക്ക് പാര്‍ട്ടി അവസരം നല്‍കുന്നതെന്നും തന്നെപ്പോലെ പരിഗണന ലഭിച്ച ഒരാളും ആര്‍ എസ് പിയില്‍ ഉണ്ടാവില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. താന്‍ ഓരോ സ്ഥലത്തും ജയിച്ചത് ആര്‍എസ്പി എന്ന ലേബലിലാണ് എന്നും പാര്‍ട്ടിയുടെ തീരുമാനത്തില്‍ 100 % കടപ്പാട് അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം യു ഡി എഫിന് അനുകൂലമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ സൗഹൃദവിരുന്നില്‍ എന്‍ കെ പ്രേമചന്ദ്രന്‍ പങ്കെടുത്തത് വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരും പ്രേമചന്ദ്രന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സി പി എമ്മും വിഷയം മണ്ഡലത്തില്‍ ഇതിനോടകം വിഷയം പ്രചരണായുധമാക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പ്രേമചന്ദ്രന്‍ ആരോപണം തള്ളിയിരുന്നു.
യു ഡി എഫില്‍ നിന്ന് രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടത്തിയിരുന്നു.












Click it and Unblock the Notifications