മങ്കി പോക്‌സ്: കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പര്‍ക്കം, കര്‍ശന പരിശോധന നടത്തും
കൊല്ലം: സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പര്‍ക്കമുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവരെ ദിവസവും രണ്ട് തവണ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും കളക്ടര്‍ അറിയിച്ചു. രോഗി സഞ്ചരിച്ച ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാരെ കണ്ടെത്താന്‍ ആയിട്ടില്ല. ജില്ലയില്‍ കര്‍ശന പരിശോധന നടത്തും. വിദേശത്ത് നിന്നെത്തുന്നവരെയും ഹജ്ജ് കഴിഞ്ഞ് എത്തുന്നവരെയും നിരീക്ഷിക്കുമെന്നും കര്‍ശന പരിശോധന നടത്തുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ജൂലൈ 5നാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. വീട്ടില്‍ എത്തിയ ശേഷമാണ് സ്വകാര്യ ആശുപത്രയിലേക്ക് പോയത്. അറ് പേരുമായി അടുത്ത സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. ഇവര്‍ കുടുംബത്തിലുള്ളവര്‍ തന്നെയാണ്. എല്ലാവരും വീട്ടില്‍ നിരീക്ഷണത്തില്‍ തന്നെയാണ്. പുനലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്നും നിലവില്‍ കണ്ടൈന്‍മെന്റ് സോണിന്റെ ആവശ്യമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
കഴിഞ്ഞ പന്ത്രണ്ടാം തീയതി യു എ ഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് ഇദ്ദേഹം എത്തിയത്. വിമാനത്തില്‍ 164 യാത്രക്കാരും 6 കാബിന്‍ ക്രൂബുമാണ് ഉണ്ടായിരുന്നത്. അതില്‍ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലുള്ളവരാണ്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം.
മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ ഉള്ളതിനാല്‍ എയര്‍പോര്‍ട്ടുകളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായ ഭീതിയോ ആശങ്കയോ വേണ്ട. രോഗി യാത്ര ചെയ്ത വിമാനത്തില്‍ വന്നവര്‍ സ്വയം നിരീക്ഷിക്കേണ്ടതാണ്. സംസ്ഥാന തലത്തില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുന്നതാണ്. എല്ലാ ജില്ലകള്‍ക്കും ഗൈഡ്ലൈന്‍ നല്‍കുന്നതാണ്.












Click it and Unblock the Notifications