പ്രധാനമന്ത്രി വിരുന്നിന് ക്ഷണിച്ചത് മികവ് പുലര്‍ത്തിയവരെയെന്ന് പ്രേമചന്ദ്രന്‍; 'ആര്‍എസ്പിയില്‍ തുടരും'
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുത്തത് വലിയ പാതകമായി ചിത്രീകരിക്കാന്‍ സി പി എം ശ്രമിക്കുന്നു എന്ന് ആര്‍ എസ് പി നേതാവും എം പിയുമായ എന്‍ കെ പ്രേമചന്ദ്രന്‍. എല്ലാ തിരഞ്ഞെടുപ്പിലും വില കുറഞ്ഞ ആരോപണം ഉന്നയിച്ച് സി പി എം വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചതിനാലാണ് താന്‍ വിരുന്നില്‍ പങ്കെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.
'അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോവുകയായിരുന്നു. സൗഹൃദവിരുന്ന് പരസ്യമായി നടത്തിയതാണ്. പാര്‍ലമെന്ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തത്,' പ്രേമചന്ദ്രന്‍ പറഞ്ഞു. തന്നെ അറിയുന്നവര്‍ വിവാദങ്ങള്‍ തള്ളികളയും എന്നും ആര്‍ എസ് പിയായി തന്നെ താന്‍ തുടരും എന്നും അദ്ദേഹം വ്യക്തമാക്കി. സി പി എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിരുന്നില്‍ ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ട് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ധവളപത്രത്തിനെതിരെ സി പി എം പ്രതികരിച്ചിട്ടില്ല എന്നും കൊല്ലത്തെ ന്യൂനപക്ഷത്തെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. സൗഹൃദ വിരുന്നില്‍ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞാല്‍ വിയോജിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
സൗഹൃദ വിരുന്നില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പോകാനുള്ള രാഷ്ട്രീയ മര്യാദകേട് തനിക്ക് ഇല്ല എന്നും ജോതിബസുവിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാതെ മോദിയെ സ്വീകരിക്കാന്‍ പോയത് പിണറായി വിജയനാണ് എന്നും അദ്ദേഹ ചൂണ്ടിക്കാട്ടി. സി പി എമ്മാണ് ഇന്ത്യാ മുന്നണിയെ ചതിച്ചത്. പാര്‍ലമെന്റിനുള്ളില്‍ എന്‍ ഡി എ സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് എടുത്തത് താനാണ് എന്നും അക്കാര്യത്തില്‍ എളമരം കരീമിന് സംശയം ഉണ്ടെങ്കില്‍ പാര്‍ലമെന്റിലെ പ്രസംഗം പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലം സീറ്റില്‍ ആര്‍ എസ് പി തന്നെ മത്സരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം എന്‍ കെ പ്രേമചന്ദ്രന്‍ അടക്കം എട്ട് എം പിമാര്‍ക്കായിരുന്നു പ്രധാനമന്ത്രി സൗഹൃദവിരുന്ന് ഒരുക്കിയത്. ഇതിനെ വിമര്‍ശിച്ച് സി പി എം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനോടായിരുന്നു പ്രേമചന്ദ്രന്റെ പ്രതികരണം. അതേസമയം പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ പ്രേമചന്ദ്രനെ സംഘിയാക്കാന്‍ അനുവദിക്കില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.
ലോക്‌സഭക്ക് അകത്തും പുറത്തും മോദി സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച വ്യക്തിയാണ് പ്രേമചന്ദ്രനെന്നും സ്വന്തം അന്തര്‍ധാര മറച്ചുപിടിക്കാന്‍ മാര്‍കിസ്റ്റ് പാര്‍ട്ടി കാണിക്കുന്ന പാപ്പരത്തമാണ് ഇപ്പോഴത്തെ വിമര്‍ശനം എന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications