റംസിയുടെ മരണം: സീരിയൽ നടിയും കുടുംബവും ഒളിവിലെന്ന് പോലീസ്, വ്യാജരേഖ ചമച്ചതിനും കേസ്?
കൊല്ലം: കൊട്ടിയത്ത് വിവാഹം ഉറപ്പിച്ച പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി പ്രണയത്തിലായിരുന്ന ഹാരിസും റംസിയും തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നത് കഴിഞ്ഞ ജൂലൈയിലാണ്. എന്നാൽ ഇതിന് ശേഷം പലപ്പോഴും ഹാരീസ് റംസിയുടെ വീട്ടുകാരിൽ നിന്ന് സ്വർണ്ണവും പണവും കൈപ്പറ്റിയിരുന്നതായി റംസിയുടെ പിതാവ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. പിന്നീട് മറ്റൊരു മെച്ചപ്പെട്ട വിവാഹാലോചന വന്നതോടെ വിവാഹം പല കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയ ഹാരീസ് പിന്നീട് താൽപ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവതി ആത്മഹത്യ ചെയ്യുന്നത്.
സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ കൂടിയേക്കും! വെന്റിലേറ്ററുകൾ കിട്ടാനില്ല, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

നടിയും കുടുംബവും ഒളിവിൽ?
റംസിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത സീരിയൽ നടിയും കുടുംബവും ഒളിവിൽ പോയതായി പോലീസിനെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ആത്മഹത്യ ചെയ്ത റംസിയുമായി അടുപ്പത്തിലായിരുന്ന സീരിയൽ നടിക്കെതിരെ നേരത്തെ തന്നെ പെൺകുട്ടിയുടെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റംസിയും സീരിയൽ നടിയും തമ്മിലുള്ള സംഭാഷണങ്ങളും കൈമാറിയിട്ടുള്ള സന്ദേശങ്ങളും കേസിൽ നിർണായകമായിത്തീരുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പോലീസ് ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം നടി ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കുമെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

നടിക്കെതിരെ ഗുരുതര ആരോപണം
മൂന്ന് മാസം ഗർഭിണിയായിരിക്കെ സീരിയൽ നടിയാണ് റംസിയെ ഗർഭഛിദ്രത്തിനായി കൊണ്ടുപോയതെന്ന് നേരത്തെ തന്നെ പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കുന്നതിനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും സീരിയൽ നടിക്കെതിരെ പോലീസ് അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന. പ്രതി ഹാരീസ് കഴിഞ്ഞ ദിവസം അറസ്റ്റിലായതിന് പിന്നാലെ സഹോദരന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ ഫോണും ഇതോടെ പരിശോധനയ്ക്കായി പോലീസ് പിടിച്ചെടുത്തിരുന്നു. വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പോലീസ് നൽകുന്ന വിവരം. ലക്ഷ്മി പ്രമോദിനെയും ഭർത്താവിനെയും പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. റംസിയുടെ പിതാവ് സീരിയൽ നടിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഹാരീസിന്റെ സഹോദരന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം ഉമ്മ, ഉപ്പ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തുമെന്നും പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അന്വേഷണം ഊർജ്ജിതം
കൊട്ടിയത്ത് 24കാരിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് സിഐമാർ ഉൾപ്പെട്ട ഒമ്പതംഗ സംഘത്തിന് റംസിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ചുമതല. കൊട്ടിയം കണ്ണനല്ലൂർ സിഐമാർ ഉൾപ്പെട്ട പ്രത്യേക സംഘത്തെയാണ് കേസ് അന്വേഷണത്തിനായി ചാത്തന്നൂർ എസിപി നിയോഗിച്ചിട്ടുള്ളത്. രണ്ട് വനിതാ ഉദ്യോഗസ്ഥരും സൈബർ വിദഗ്ധരും ഉൾപ്പെടെയുള്ളവരും അന്വേഷണ സംഘത്തിലുണ്ട്. ഇതിനിടെ റിമാൻഡിലുള്ള പ്രതി ഹാരിസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പോലീസ് കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്യുന്നത്.

യുവതിയെ ഒഴിവാക്കാൻ ശ്രമം
കേസിൽ അറസ്റ്റിലായ ഹാരീസിനെതിരെ ആത്മഹത്യാപ്രേരണ, വിവാഹ വാഗ്ധാനം നൽകി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്. എട്ട് വർഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ജൂലൈയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിയുന്നത്. എന്നാൽ മറ്റൊരു വിവാഹാലോചന വന്നതോടെ റംസിയെ ഒഴിവാക്കാൻ ശ്രമിച്ചെന്നും ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തിട്ടുള്ളതെന്നുമാണ് ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണം. ഇതിനിടെ ഹാരീസിൽ നിന്ന് ഗർഭം ധരിച്ച യുവതിയെ സീരിയൽ നടി ഇടപെട്ട് നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു.

മകളെ ഒപ്പം കൊണ്ടുപോകും
ഹാരീസിന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ നടി ഷൂട്ടിംഗിന് വേണ്ടി പോകുമ്പോൾ റംസിയെ ഒപ്പം കൊണ്ടുപോകുമായിരുന്നുവെന്നും കുഞ്ഞിനെ നോക്കാനെന്ന പേരിലായിരുന്നു ഇതെന്നുമാണ് മരിച്ച പെൺകുട്ടിയുടെ കുടുംബം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ തിരിച്ചയയ്ക്കുന്നത് ഹാരീസിനൊപ്പമായിരിക്കും. ഗർഭിണിയായിരുന്ന റംസിയെ ഗർഭഛിദ്രത്തിന് വേണ്ടി കൊണ്ടുപോയത് സീരിയൽ നടിയായിരുന്നുവെന്നും റംസിയുടെ കുടുംബം പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റംസി ഹാരീസുമായും ഹാരീസിന്റെ മാതാവ് ആരിഫയുമായും സംസാരിച്ചിരുന്നുവെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. മരിക്കുന്നതിന് മുമ്പ് റംസി നേരിട്ട് ഹാരീസിന്റെ വീട്ടിലെത്തിയിരുന്നുവെങ്കിലും വീട്ടിൽ കയറ്റാൻ രക്ഷിതാക്കൽ സമ്മതിച്ചിരുന്നില്ലെന്നും റംസിയുടെ രക്ഷിതാക്കൾ പറയുന്നു.