കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യ: കുടുങ്ങുമെന്നുറപ്പായപ്പോൾ പുതിയ അടവ്, ജാമ്യാപേക്ഷ നൽകി സീരിയൽ നടി!!
കൊല്ലം: പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയ സംഭവത്തിൽ 24കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുരുക്ക് മുറുകുന്നതോടെ സീരിയൽ നടി പുതിയ നീക്കത്തിന്. കേസിൽ അറസ്റ്റിലായ പ്രതിയുടെ മാതാപിതാക്കൾ, സീരിയൽ നടിയായ സീരിയൽ നടിയായ സഹോദരന്റെ ഭാര്യ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിക്കുന്നത്. റംസിയയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച സംഭവത്തിൽ പ്രമുഖ സീരിയൽ നടിക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം നേരത്തെ തന്നെ റംസിയുടെ മാതാപിതാക്കൾ ഉന്നയിച്ചിരുന്നു. വിവാഹം ഉറപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത ശേഷം ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നുമാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. ഇതിനിടെയാണ് സീരിയൽ നടി കോടതിയെ സമീപിക്കുന്നത്.
വർക്കലയിൽ ഒരേ കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ കണ്ടെത്തി!! മൃതദേഹം കത്തികരിഞ്ഞ നിലയിൽ

ജാമ്യാപേക്ഷ
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി മുൻകൂർ ജാമ്യാപേക്ഷ നൽകി. സീരിയൽ നടി ലക്ഷ്മി പ്രമോദാണ് കൊല്ലം കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്. കൊട്ടിയം സ്വദേശിനിയായ റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ സീരിയൽ നടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെ ഇവരെ ചോദ്യം ചെയ്ത പോലീസ് മൊഴി രേഖപ്പെടുത്തുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതി ഹാരീസിന്റെ സഹോദരന്റെ ഭാര്യയാണ് സീരിയൽ നടിയായ ലക്ഷ്മി പ്രമോദ്.

ഒളിവിലോ?
കേസിൽ ആരോപണങ്ങൾ ഗുരുതരമായതോടെ നടിയും ആരോപണവിധേയരായ മറ്റുള്ളവരും ഒളിവിൽ പോയിരുന്നു. ഇതോടെ ഇവർക്കായി പോലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇതിനിടെയാണ് നടി മുൻകൂർജാമ്യാപേക്ഷ സമർപ്പിക്കുന്നത്. ഹാരീസിൽ ഗർഭം ധരിച്ച റംസിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയമാക്കിയത് ലക്ഷ്മിയായിരുന്നു. ഇതിനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതും ലക്ഷ്മിയായിരുന്നു. ഈ സംഭവത്തിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കാമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ക്രൈം ബ്രാഞ്ച് അന്വേഷണം
കേസിൽ അറസ്റ്റിലായ ഹാരീസിനെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. അതേ സമയം കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനോ തെളിവെടുപ്പ് നടത്താനോ പോലീസ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

വിവാഹമുറപ്പിച്ച ശേഷം
സെപ്തംബർ 3നാണ് റംസിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വർഷത്തോളമായി പ്രണയത്തിലായിരുന്ന റംസിയും ഹാരീസും തമ്മിലുള്ള വിവാഹം കഴിഞ്ഞ ജൂലൈയിലാണ് ഉറപ്പിച്ചത്. എന്നാൽ കൂടുതൽ മെച്ചപ്പെട്ട വിവാഹാലോചന വന്നതോടെ ഹാരീസ് റംസിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തതെന്നുമാണ് പരാതി.

നടിക്കെതിരെ
നടി ഷൂട്ടിംഗിനായി പോകുമ്പോൾ റംസിയെ ഒപ്പം കൊണ്ടുപോകുമായിരുന്നുവെന്നും കുഞ്ഞിനെ നോക്കണമെന്ന പേരിലായിരുന്നു ഇതെന്നുമാണ് പെൺകുട്ടിയുടെ കുടുംബം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ തിരിച്ചയയ്ക്കുന്നത്. ഹാരീസിനൊപ്പമായിരിക്കും. ഗർഭിണിയായിരുന്ന റംസിയെ ഗർഭഛിദ്രത്തിന് വേണ്ടി കൊണ്ടുപോയത് സീരിയൽ നടിയായിരുന്നുവെന്നും റംസിയുടെ കുടുംബം പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റംസി ഹാരീസുമായും ഹാരീസിന്റെ മാതാവ് ആരിഫയുമായും സംസാരിച്ചിരുന്നു.