കൊല്ലം നഗരത്തിലെ ഏഴ് റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തി വീതി കൂട്ടും; ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി, ജില്ലയിൽ റോഡ് സുരക്ഷ വാരാചരണം തുടങ്ങി
കൊല്ലം: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായ ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമായി. കലക്‌ട്രേറ്റില്‍ ജില്ലാതല ഉദ്ഘാടനം മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു നിര്‍വഹിച്ചു. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് അപകടങ്ങള്‍ കുറയ്ക്കാനുള്ള എളുപ്പവഴി എന്ന് അദ്ദേഹം വ്യക്തമാക്കി.
റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തിയും ഇത് സാധ്യമാക്കാം. നഗരത്തിലെ ഏഴ് റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തി വീതി കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹെല്‍മറ്റ് വച്ചതുകൊണ്ട് മാത്രം മരണത്തില്‍ നിന്ന് രക്ഷപ്പെട്ട സ്വന്തം അനുഭവം പങ്കിട്ടാണ് അധ്യക്ഷനായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ സുരക്ഷാ വാരാചരണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

യുദ്ധങ്ങളും മഹാരോഗങ്ങളും കവര്‍ന്നതിലുമധികം ജീവനുകളാണ് റോഡില്‍ പൊലിയുന്നതെന്ന് റോഡ് സുരക്ഷാ സന്ദേശം നല്‍കിയ സിറ്റി പോലീസ് കമ്മീഷണര്‍ പി. കെ. മധു പറഞ്ഞു. നാട് വികസിക്കുന്നതിനൊപ്പം സ്വയം മാറുകയും പൗരബോധം നിലനിറുത്തകയും ചെയ്താല്‍ അപകടങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി. സാജന്‍, ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. എ. ജയ, ആര്‍.ടി.ഒ. വി. സജിത്ത്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ഡി. മഹേഷ്, റോഡ് സുരക്ഷാ അതോറിറ്റി മുന്‍ അംഗം ഉപേന്ദ്ര നാരായണന്‍, ട്രാക്ക് വൈസ് പ്രസിഡന്റ് പി. എ. സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റോഡ് സുരക്ഷാരംഗത്ത് നല്‍കിയ സംഭാവനകള്‍ക്ക് ട്രാക്ക് പ്രതിനിധി പി. എ. സത്യന്‍, പതിനായിരത്തിലധികം റോഡ് സുരക്ഷാ ക്ലാസുകള്‍ നയിച്ച മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ശരത്ചന്ദ്രന്‍, ആയിരത്തിലധികം ക്ലാസുകളെടുത്ത ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എച്ച്. ഷാനവാസ്, അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്ന സന്തോഷ്‌കുമാര്‍ വെളിയം, റോഡ് സുരക്ഷാ റേഡിയോ പരിപാടിയുടെ അവതാരകന്‍ ജോര്‍ജ്ജ് എഫ്. സേവ്യര്‍, ബെന്‍സിഗര്‍ റേഡിയോ സ്റ്റേഷന്‍ ഡയറക്ടര്‍ ഫാദര്‍ ഫെര്‍ഡിനന്റ് പീറ്റര്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങളും മേയര്‍ ചടങ്ങില്‍ സമ്മാനിച്ചു.












Click it and Unblock the Notifications