കഥകളി പഠിക്കാനുള്ള അടങ്ങാത്ത മോഹം; ഒടുവിൽ ഉപ്പയുടെ കൈപിടിച്ച് സാമ്പ്രി എത്തി കലാമണ്ഡലത്തിൽ
കഴിഞ്ഞദിവസം തൃശ്ശൂർ ചെറുതുരുത്തി കലാമണ്ഡലത്തിൽ കഥകളി പഠിക്കാനായി ഒരു കൂട്ടം പെൺകുട്ടികൾ എത്തി. തെക്കൻ കഥകളിയും വടക്കൻ കഥകളിയും പഠിക്കാൻ എത്തിയ പെൺകൂട്ടത്തിൽ എട്ട് പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ കൂട്ടിത്തിലെ ഒരു കുട്ടിയിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ പോയത്.
തട്ടമിട്ട ആ മിടുക്കിയുടെ പേരാണ് സാമ്പ്രി. കൊല്ലം അഞ്ചൽ ഇടമുളയ്ക്കൽ തേജസ്സിൽ നിസ്സാം അമ്മാസിന്റേയും അനീഷയുടേയും ഇളയ മകൾ ആണ് സാമ്പ്രി. മുസ്ലിം സമുദായത്തിൽ നിന്ന് കലാമണ്ഡലത്തിൽ കഥകളി പഠിക്കാൻ എത്തുന്ന ആദ്യത്തെ പെൺകുട്ടിയാണ് സാമ്പ്രി. അഞ്ചൽ ഇടമുളയ്ക്കൽ ഗവൺമെന്റ് ജവഹർ ഹൈസ്‌ക്കൂളിൽ നിന്ന് ഏഴാം ക്ലാസ് പൂർത്തിയാക്കിയ ശേഷം ആണ് സാബ്രി കലാമണ്ഡലത്തിൽ എത്തിയത്.

കലാമണ്ഡലത്തിൽ എത്തുന്നതിന് മുൻപ് തന്നെ സാമ്പ്രി മോഹിനിയാട്ടവും കഥകളിയും പഠിക്കാൻ തുടങ്ങിയിരുന്നു. ചടയമംഗലത്തുള്ള ആരോമൽ എന്ന അധ്യാപകനായിരുന്നു കഥകളി അഭ്യസിച്ചത്. കലാമണ്ഡലത്തിലെ അധ്യാപകനാണ് ആരോമൽയ എറെ വൈകാതെ മകളെ നിസാം കലാമണ്ഡലത്തിൽ ചേർത്തു. കാൽ ഭാഗം പൂർത്തിയാക്കിയ ശേഷമാണ് കലാമണ്ഡലത്തിൽ ചേർന്നതെന്നും നിസാം പറയുന്നു.
ഫോട്ടോഗ്രാഫറായ പിതാവ് നിസ്സാമിൽ നിന്നാണ് സാമ്പ്രിക്ക് കഥകളിയോടുള്ള ഇഷ്ടം ഉണ്ടായത്. വീടിന് അടുത്തുള്ള അഗസ്ത്യക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടക്കാറുള്ള കഥകളിയുടെ ചിത്രം എടുക്കാൻ നിസ്സാം പോകാറുണ്ടായിരുന്നു. നിസ്സാമിന്റെ കൂടെ സാമ്പ്രിയും പോകുമായിരുന്നു. പുലർച്ച വരെയുള്ള കഥകളി ഉറങ്ങാതെ സാമ്പ്രി കാണും. അന്ന് ആ ആറുവയസുകാരിയുടെ ഉള്ളിൽ കഥകളിയോടുള്ള ഇഷ്ടം ഉണ്ടായി.
കഠിനമായ പരിശീലനവും മറ്റും ആവശ്യമായതിനാൽ കലാമണ്ഡത്തിൽ പെൺകുട്ടികൾക്ക് കഥകളി വേഷത്തിന് പ്രവേശനം ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം മുതലാണ് പ്രവേശനം നൽകാൻ ആരംഭിച്ചത്. എട്ടാം തരത്തിൽ തെക്കൻ കഥകളിയ്ക്കും വടക്കൻ കഥകളിയ്ക്കും രണ്ടാം ബാച്ചിൽ പ്രവേശനം നേടിയത് എട്ട് പെൺകുട്ടികളാണ്.
പുലർച്ചെ 4.30 മുതൽ 9.30 വരെ കഥകളി പഠനം ഉണ്ടാകും. അതിന് ശേഷം ആണ് സാധാരണ ക്ലാസ് ആരംഭിക്കുന്നത്. വൈകുന്നേരം കൂത്തമ്പലത്തിൽ നടക്കുന്ന പരിപാടി കാണാൻ പോകും. സാമ്പ്രി ഇതൊക്കെ ആസ്വദിക്കുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാൽ ഉമ്മ അനീഷയേയും സഹോദരൻ യാസീനേയും വിട്ടുനിൽക്കുന്നതിന്റെ ചെറിയ സങ്കടം സാമ്പ്രിക്കുണ്ട്. എങ്കിലും തന്റെ ആഗ്രഹത്തിലേക്ക് നടന്നുകയറുന്ന ആവേശത്തിലാണ് സാമ്പ്രി.












Click it and Unblock the Notifications