സാമ്പത്തിക തർക്കം, കൊല്ലത്ത് കിടപ്പുരോഗിയായ അച്ഛനെ മകൻ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു
കൊല്ലം: പരവൂരില്‍ കിടപ്പുരോഗിയായ അച്ഛനെ മകന്‍ തീ കൊളുത്തി കൊന്നു. 85കാരനായ പി ശ്രീനിവാസന്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ശ്രീനിവാസന്റെ മകന്‍ എസ് അനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് അച്ഛനെ അനില്‍ കുമാര്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്.
അമ്മയായ വസുമതിയുടെ മുന്നില്‍ വെച്ചാണ് ശ്രീനിവാസനെ മകന്‍ തീകൊളുത്തിയത്. ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. ശ്രീനിവാസന്‍ വര്‍ഷങ്ങളായി കിടപ്പുരോഗിയാണ്. രണ്ടാമത്തെ മകനായ അനില്‍ കുമാര്‍ കുടുംബത്തോടൊപ്പം മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീനിവാസന്‍ താമസിക്കുന്ന കുടുംബ വീട്ടിലെത്തിയ മകന്‍ പണം ആവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കി.

അനില്‍കുമാര്‍ അടുത്തിടെ വാങ്ങിയ ഓട്ടോറിക്ഷയ്ക്ക് വേണ്ടിയും മകന്റെ വിദേശ പഠനത്തിന് വേണ്ടിയുമാണ് അച്ഛനോട് 1 ലക്ഷം രൂപ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാന്‍ ശ്രീനിവാസന്‍ കൂട്ടാക്കിയില്ല. തലേദിവസം രാത്രി അനില്‍ കുമാര്‍ മദ്യപിച്ച് എത്തി ഇതേ കാര്യം പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയിരുന്നു. പണം തന്നില്ലെങ്കില്‍ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഇയാള്‍ ശ്രീനിവാസനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇന്ന് രാവിലെയുണ്ടായ വഴക്കിന് പിന്നാലെ പ്രകോപിതനായ അനില്‍ കുമാര്‍ കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് അച്ഛനെ തീകൊളുത്തുകയായിരുന്നു. രോഗിയായ അമ്മ വസുമതിക്ക് ഈ ക്രൂരത നോക്കി നില്‍ക്കാന്‍ മാത്രമേ സാധിച്ചുളളൂ. സംഭവം നടക്കുമ്പോള്‍ ശ്രീനിവാസനെ പരിചരിക്കുന്ന ഹോം നഴ്‌സും വീട്ടിലുണ്ടായിരുന്നു. വരുടെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ വിവരം അറിഞ്ഞത്. അയല്‍വക്കത്തുളളവര്‍ ഓടിയെത്തി വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ശ്രീനിവാസന്റെ ജീവന്‍ രക്ഷിക്കാനായില്ല.












Click it and Unblock the Notifications