'സൂര്യയ്ക്ക് പിറന്നാൾ',ബലൂണും പോസ്റ്ററും കെട്ടി സ്വകാര്യ ബസ് സര്‍വീസ്; കയ്യോടെ പൊക്കി പൊലീസ്
കൊല്ലം: തെന്നിന്ത്യൻ താരം സൂര്യയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് മുന്നിൽ ബലൂണും പോസ്റ്ററും കെട്ടി സർവീസ് നടത്തിയ സ്വകാര്യ ബസിന് പിഴ.നഗരത്തിലെ താലൂക്ക് കച്ചേരി ജംക്‌ഷനിലാണു സംഭവം. ചവറ - കൊട്ടിയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി നിരത്തിലിറങ്ങിയത്.
ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ ബലൂണുകളും പോസറ്ററുകളും പതിച്ചായിരുന്നു യാത്ര. ഇടതു ഭാഗം പൂർണമായും കാണാൻ സാധിക്കാത്ത നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വാഹനത്തിന്റെ അപകടകരമായ യാത്ര ശ്രദ്ധയിൽപ്പെട്ട കൊല്ലം സിറ്റി ട്രാഫിക് എസ്ഐ എം.ഷഹാലുദ്ദീനാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് താലൂക്ക് കച്ചേരിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് സംഘം വാഹനം തടഞ്ഞു നിര്‍ത്തി പിടിച്ചിട്ടു.

പിന്നാലെ ട്രാഫിക് എസ്ഐ നേരിട്ട് എത്തി ജീവനക്കാരെ പുറത്ത് ഇറക്കി. വാഹനത്തിന്റെ മുന്നിലെ ഗ്ലാസിൽ ഒട്ടിച്ചിരുന്ന പോസ്റ്ററും ബലൂണുകളും നീക്കിച്ചു.അപകടകരമായ രീതിയിൽ സർവീസ് നടത്തിയതിനു പിഴ ഈടാക്കിയശേഷം ബസ് വിട്ടു നൽകി.സംഭവം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications