സ്വർണമാല പോയി, ക്ഷേത്രത്തിൽ പ്രാർഥിക്കവേ സ്വർണവളയൂരി നൽകി അജ്ഞാത യുവതി...
കൊല്ലം: കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം സുഭദ്രക്ക് ഇന്നും സ്വപ്‌നമാണ്. ക്ഷേത്ര സന്നിധിയിൽ വച്ച് മാല മോഷണം പോയതറിയുന്നു...അവിടെ വച്ച് അജ്ഞാത യുവതി തന്‍റെ രണ്ട് സ്വർണവള ഊരി നൽകുന്നു...
കശുവണ്ടി തൊഴിലാളിയായ സുഭദ്ര ഏറെ ആഗ്രഹിച്ചു വാങ്ങിയ മാലയാണ് ക്ഷേത്രസന്നിധിയിൽ നിൽക്കവെ മോഷ്‌ടിക്കപ്പെട്ടുവെന്നറിഞ്ഞത്. കരഞ്ഞു നിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് എത്തിയ യുവതി തന്‍റെ രണ്ട് സ്വർണവളകൾ ഊരിനൽകുകയായിരുന്നു. പട്ടാഴി ദേവി ക്ഷേത്രത്തിൽ വച്ചാണ് സംഭവം നടക്കുന്നത്.

കൊട്ടാരക്കരയിൽ നിന്ന് ബസ് മാർഗമാണ് സുഭദ്ര ക്ഷേത്രത്തിലെത്തിയത്. സന്നിധിയിൽ വച്ചാണ് മാല മോഷ്‌ടിക്കപ്പെട്ടുവെന്ന് സുഭദ്രയുടെ ശ്രദ്ധയിൽപെടുന്നത്. രണ്ട് പവന്‍റെ മാലയാണ് മോഷ്‌ടിക്കപ്പെട്ടത്.
കരഞ്ഞുനിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തി തന്‍റെ കൈയ്യിൽ കിടന്ന രണ്ട് വളകൾ ഊരിനൽകുകയായിരുന്നു. അമ്മ കരയണ്ട. 'ഈ വളകൾ വിറ്റ് മാല വാങ്ങി ധരിച്ചോളു. മാല വാങ്ങിയ ശേഷം ക്ഷേത്ര സന്നിധിയിൽ എത്തി പ്രാർഥിക്കണം'. ഇത്രയും മാത്രമാണ് യുവതി സുഭദ്രയോട് പറഞ്ഞത്. ഒറ്റ കളർ സാരി ധരിച്ച കണ്ണട വച്ച സ്ത്രീ പിന്നെ എവിടേക്കാണ് പോയതെന്ന് സുഭദ്രയ്ക്കറിയില്ല.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികൾക്കും ഈ യുവതിയെ കണ്ടെത്താനായില്ല. രണ്ടു പവനോളം തൂക്കം വരുന്ന വളകളാണ് യുവതി സുഭദ്രക്ക് നൽകിയത്. തുടർന്ന് ക്ഷേത്ര ഭാരവാഹി ലെജു വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഭർത്താവ് കെ.കൃഷ്ണൻകുട്ടി ആചാരിയോടൊപ്പം സുഭദ്ര മടങ്ങി.












Click it and Unblock the Notifications