വീടുണ്ടാക്കാൻ പൊട്ടിച്ച പാറ നീക്കാൻ കൈക്കൂലി: കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ പിടിയിൽ
കോട്ടയം: വീട് നിർമാണത്തിന് വേണ്ടി അനുമതികളോടെ പൊട്ടിച്ച പാറ നീക്കാൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ എഎസ്ഐ അറസ്റ്റിൽ. രാമപുരം സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ ജെ ബിജുവിനെയാണ് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പെരുവ സ്വദേശിയാണ് അറസ്റ്റിലായ എഎസ്ഐ. കോട്ടയത്ത് മൈനിങ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ അനുമതിയോടെ പൊട്ടിച്ചുമാറ്റിയ പാറ നീക്കുന്നതിനായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്.
രാമപുരം സ്വദേശിയായ ജസ്റ്റിൻ എന്നയാളിൽ നിന്നായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ വിജിലൻസിന്റെ കിഴക്കൻ മേഖല എസ്പി വിജി വിനോദ് കുമാറിന്റെ നിർദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ബുധനാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഇയാൾ വെക്കുന്ന സ്ഥലത്തെ പാറ മൈനിങ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ അനുമതിയോടെ നേരത്തെ തന്നെ പൊട്ടിച്ചിരുന്നു. പൊട്ടിച്ചെടുത്ത പാറ ഇവിടെ നിന്ന് നീക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട് എഎസ്ഐ ജസ്റ്റിനെ സമീപിക്കുകയായിരുന്നു. ഇത് കൂടാതെ ഇക്കഴിഞ്ഞ 19ന് ജസ്റ്റിനിൽ നിന്നും 3000 രൂപ കൈക്കൂലിയായി വാങ്ങുകയും ചെയ്തിരുന്നു. ഈ വിവരങ്ങളും വിജിലൻസിന് ലഭിച്ചിരുന്നു.
ഒരു വഴിയുമില്ലാതായതോടെ എഎസ്ഐ കൈക്കൂലി ആവശ്യപ്പെട്ട വിവരം ജസ്റ്റിൻ ഈ വിവരം വിജിലൻസിന്‍റെ കിഴക്കൻ മേഖല എസ് പി വിനോദ്കുമാറിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ നിർദേശം അനുസരിച്ചുകൊണ്ട് കോട്ടയം യൂണിറ്റ് ഡിവൈഎസ്പി ആയ വി ജി രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വൈകീട്ട് ഏഴ് മണിയോടുകൂടി രാമപുരം പൊലീസ് സ്റ്റേഷന് സമീപത്ത് കാത്തുനിൽക്കുകയും ജസ്റ്റിനിൽ നിന്ന് കൈക്കൂലിയുടെ രണ്ടാം ഗഡുവായ 5000 രൂപ വാങ്ങിയ എഎസ്ഐ ബിജുവിനെ സംഘം കൈയോടെ പിടികൂടുകയും ചെയ്തു.
ഇതിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കിയിൽ റവന്യൂ ഇൻസ്പെക്ടറെയും വിജിലൻസ് പിടികൂടിയിരുന്നു. ഇടുക്കി കട്ടപ്പന നഗരസഭ റവന്യൂ ഇൻസ്പെക്ടർ ഷിജു അസീസാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. വസ്തു കൈമാറ്റം ചെയ്യുന്നതിന് കട്ടപ്പന സ്വദേശിയിൽ നിന്നും പതിമൂവായിരം രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇടുക്കി വിജിലൻസ് സംഘം കട്ടപ്പന നഗരസഭ റവന്യൂ ഇൻസ്പെക്ടറായ ഷിജു അസീസിനെ പിടികൂടിയത്.
ആഗസ്റ്റ് 12ന് വസ്തു കൈമാറ്റത്തിന് അപേക്ഷ നൽകിയിരുന്ന വ്യക്തിയുടെ സ്ഥലം ഇയാൾ നേരിട്ടെത്തി സന്തർശിച്ചിരുന്നു. തുടർന്ന് ഫയൽ നീക്കുന്നതിന് അറുപതിനായിരം രൂപയാകുമെന്നും തനിക്ക് ഇരുപതിനായിരം രൂപ നൽകിയാൽ നടപടികൾ വേഗത്തിലാക്കി നൽകാമെന്നും ഇയാൾ സ്ഥലമുടമയെ അറിയിക്കുകയായിരുന്നു. പിന്നീട് ഇത്രയും പണം തങ്ങളുടെ കയ്യിൽ ഇല്ലെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥൻ വഴങ്ങിയില്ല ഇതിന് പിന്നാലെയാണ് വിജിലൻസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.












Click it and Unblock the Notifications