പക്ഷിപ്പനി; 9000 കോഴികള്‍ക്ക് ഇന്ന് ദയാവധം, ഒരു കിലോമീറ്റര്‍ ചുറ്റളവിലെ 600 പക്ഷികളെയും കൊല്ലും
കോട്ടയം: മണര്‍കാട് സര്‍ക്കാര്‍ പോള്‍ട്രി ഫാമിലെ കോഴികളെ ഇന്ന് കൊന്ന് സംസ്‌കരിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 9000 കോഴികളെയാണ് കൊന്നു സുരക്ഷിതമായി സംസ്‌കരിക്കുന്നത്. പോള്‍ട്രി ഫാമിന് സമീപമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവിലെ 600 പക്ഷികളെയും കൊല്ലും. മുട്ടകളും ശാസ്ത്രീയമായി നശിപ്പിക്കും എന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പക്ഷികളുടെ 'ദയാവധ'ത്തിനായി 25 പേര്‍ ഉള്‍പ്പെടുന്ന മൂന്ന് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. പോള്‍ട്രി ഫാമിന് സമീപമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശങ്ങളിലെ പക്ഷികളെ നാളെ മുതലാണ് കൊല്ലുന്നത്. ഇതിനായി നാല് ടീമുകളെ ആണ് നിയോഗിച്ചിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള സംഘം വീടുകളില്‍ എത്തിയാണു പക്ഷികളെ കൊന്ന് കുഴിച്ച് മൂടുക.

ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന മണര്‍കാട് പഞ്ചായത്തിലെ 12, 13, 14 വാര്‍ഡുകള്‍, പുതുപ്പള്ളി പഞ്ചായത്തിലെ 2, 3 വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ കോഴി, താറാവ്, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയെ ആണ് കൊന്നൊടുക്കുന്നത്. രോഗബാധയേറ്റ പക്ഷികളെ കൊല്ലാന്‍ ശാസ്ത്രീയമായ രീതിയിലുള്ള മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത്. വായു കടക്കാത്ത ചാക്കിലേക്ക് കോഴികളെ കയറ്റിയ ശേഷം ഇതിലേക്ക് ക്ലോറോഫാം ഒഴിച്ചാണ് കോഴികളെ കൊല്ലുക.
ഇത് വഴി രക്തം വീഴ്ത്താതെ തന്നെ ശാസ്ത്രീയമായി അതിവേഗം കോഴികളെ കൊല്ലാന്‍ കഴിയും. ഇങ്ങനെ കൊന്ന കോഴികളെ സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. ഇതിനായി പോള്‍ട്രി ഫാമില്‍ രോഗം കണ്ടെത്തിയ കൂടിനോടു ചേര്‍ന്ന് 2 X 2.2 മീറ്റര്‍ ആഴത്തില്‍ ചതുരത്തില്‍ കുഴികള്‍ എടുത്ത് ഇതില്‍ ഒരിഞ്ച് കനത്തില്‍ കുമ്മായം ഇടും. ഇതിന് ശേഷം ചത്ത കോഴികളെ അടുക്കി വെക്കും.
അതിനു മുകളിലേക്ക് മൂന്ന് ഇഞ്ച് കനത്തില്‍ മണ്ണിടും. ഇതേ രീതിയില്‍ 1800 കോഴികളെയാണ് ഒരു കുഴിയില്‍ സംസ്‌കരിക്കുക. 9000 കോഴികള്‍ ഉള്ളതിനാല്‍ ഇത്തരത്തിലുള്ള അഞ്ച് കുഴികള്‍ വേണ്ടി വരും. കോഴിത്തീറ്റ, മുട്ട തുടങ്ങിയവയും ഇതേ രീതിയില്‍ ആണ് സംസ്‌കരിക്കുക. ഇത്തരത്തില്‍ കൊല്ലുന്ന പക്ഷികളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും.
രണ്ട് മാസം വരെ പ്രായമായ പക്ഷികള്‍ക്ക് 100 രൂപയും രണ്ട് മാസത്തിനു മുകളില്‍ പ്രായമുള്ള പക്ഷികള്‍ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ആദ്യകാലങ്ങളില്‍ കോഴികളെയും താറാവുകളെയും കഴുത്ത് ഞെരിച്ചു കൊന്ന ശേഷം കത്തിച്ച് കളയാറായിരുന്നു.
ദയാവധ നടപടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് പത്ത് ദിവസം ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുള്ള സൗകര്യം ജില്ലാ പഞ്ചായത്ത് ഒരുക്കി നല്‍കും. അതേസമയം രോഗനിയന്ത്രണത്തിന്റെ ഭാഗമായി പക്ഷിപ്പനി സ്ഥിരീകരിച്ചതിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ശ്വാസകോശ രോഗലക്ഷണങ്ങളോട് കൂടിയ പനിയുള്ളവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കും.












Click it and Unblock the Notifications