പ്രവാസി സംരഭകന് കെട്ടിട നമ്പര്‍ നല്‍കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ്; 'ഈ അഞ്ച് രേഖകള്‍ മാത്രം മതി'
കോട്ടയം: മാഞ്ഞൂരില്‍ പ്രവാസി സംരംഭകനായ ഷാജിമോന്റെ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാതിരുന്നത് മതിയായ രേഖകള്‍ ഹാജരാക്കാത്തതിനാലാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ്. അഞ്ച് രേഖകള്‍ കൂടി ഹാജരാക്കിയാല്‍ ഷാജിമോന് കെട്ടിട നമ്പര്‍ നല്‍കാമെന്ന് പ്രസിഡന്റ് കോമളവല്ലി പറഞ്ഞു. സംരംഭകനായ ഷാജിമോനോട് പഞ്ചായത്തിന് വിദ്വേഷമില്ലെന്നും പ്രസിഡന്റ് വിശദീകരിച്ചു.
ഫയര്‍, പൊലുഷന്‍ അടക്കം അഞ്ച് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. എങ്കില്‍ അടുത്ത നിമിഷം ഷാജിമോന്റെ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ കൊടുക്കും. സമരം പിന്‍വലിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ചാല്‍ എല്ലാ ആശയക്കുഴപ്പങ്ങളും തീര്‍ക്കാമെന്നും മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതേസമയം സംഭവം വിവാദമായതിന് പിന്നാലെയാണ് അഞ്ച് സര്‍ട്ടിഫിക്കറ്റ് എന്നതിലേക്ക് പ്രസിഡന്റ് ചുരുക്കിയതെന്നാണ് ഷാജിമോന്‍ പറയുന്നത്.

പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളെല്ലാം പലപ്പോഴായി എത്തിച്ചിട്ടും സാങ്കേതികത്വങ്ങള്‍ നിരത്തി എന്തിനാണ് തനിക്ക് നോട്ടീസ് നല്‍കിയത് എന്നാണ് ഷാജിമോന്‍ ചോദിക്കുന്നത്. ഇനി പഞ്ചായത്തുമായി ചര്‍ച്ചയ്ക്കില്ലെന്നും കോടതിയോ മന്ത്രിമാരോ ഇടപെടാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നമാണ് ഷാജിമോന്റെ പ്രതികരണം. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലന്‍സിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്നാണ് ഷാജിമോന്‍ പറയുന്നത്.
ഇതിന്റെ പേരില്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാര്‍ കെട്ടിട നമ്പര്‍ നിഷേധിക്കുന്നെന്നാണ് ഷാജിമോന്‍ ജോര്‍ജിന്റെ പരാതി. സ്വന്തം നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വഴി മുടക്കി നില്‍ക്കുന്ന ഉദ്യോഗസ്ഥ നയത്തിനെതിരെ പഞ്ചായത്തിനു മുന്നില്‍ സത്യഗ്രഹം നടത്തും എന്ന് ഷാജിമോന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications