കാറിലടിച്ചത് വെള്ളം കലര്‍ന്ന ഡീസല്‍, സുരേഷ് ഗോപി ഇടപെട്ടതോടെ പമ്പുടമ ചെയ്തത്..!
കോട്ടയം: വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതിനെ തുടര്‍ന്ന് കാറിന് കേടുപാട് പറ്റിയ സംഭവത്തില്‍ ഇടപെട്ട് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി. ഐ സി ഐ സി ഐ ബാങ്കിന്റെ കോട്ടയത്തെ മാനേജരായ ജിജു കുര്യന്റെ പരാതിയിലാണ് സുരേഷ് ഗോപിയുടെ ഇടപെടല്‍. കോട്ടയം ജില്ലയിലെ പാലാ കടപ്പാട്ടൂരുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പില്‍ നിന്നാണ് ജിജു കുര്യന്‍ ഡീസല്‍ അടിച്ചത്.
ജൂണ്‍ 17 നായിരുന്നു ജിജു കുര്യന്‍ കാറില്‍ ഇന്ധനം നിറച്ചത്. 36 ലീറ്ററോളം ഡീസല്‍ കാറില്‍ അടിക്കുന്നതിനിടെ തന്നെ പല തവണ ബീപ് ശബ്ദം കേട്ടിരുന്നു. ഇതിനൊപ്പം സൂചനാ ലൈറ്റുകള്‍ തെളിയുകയും ചെയ്തിരുന്നു എന്നും ജിജു കുര്യന്‍ പറയുന്നു. ഉടന്‍ തന്നെ ജിജു കുര്യന്‍ തന്റെ കാര്‍ കമ്പനിയുടെ കോട്ടയത്തെ വര്‍ക്ഷോപ്പില്‍ എത്തിച്ച് പരിശോധിച്ചു. അപ്പോഴാണ് ഡീസലില്‍ വെള്ളം ചേര്‍ന്നിട്ടുണ്ട് എന്ന് കണ്ടെത്തിയത് എന്നാണ് ജിജു പറയുന്നത്.

ഇതോടെ ജിജു തന്റെ ഭാര്യാപിതാവും മുണ്ടുപാലം സ്വദേശിയും സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ മാനേജിംഗ് ട്രസ്റ്റിയുമായ ജയിംസ് വടക്കനോട് കാര്യം പറഞ്ഞു. ബി ജെ പി മുന്‍ വക്താവ് പി ആര്‍ ശിവശങ്കറിന്റെ സഹായത്തോടെ ജിജു മന്ത്രി സുരേഷ് ഗോപിക്ക് പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ ഉടന്‍ ഇടപെട്ട സുരേഷ് ഗോപി 48 മണിക്കൂറിനകം സംഭവത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു.
ഇതോടെ ജിജു കുര്യന് ഡീസലിന് ചെലവായ പണവും കാറിന്റെ അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നല്‍കി. ഡീസല്‍ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് പമ്പുടമ, ജിജു കുര്യന് നല്‍കിയത്. പമ്പിലെ ഡീസലിന്റെ വില്‍പ്പന ഐ ഒ സി അധികൃതര്‍ എത്തി തടയുകയും ചെയ്തിട്ടുണ്ട്. മിക്ക പെട്രോള്‍ പമ്പുകള്‍ക്കെതിരേയും ഉയരുന്ന പരാതികളിലൊന്നാണ് ഇന്ധനത്തില്‍ മായം കലര്‍ത്തുന്നത്.
പെട്രോളിലും ഡീസലിലും വെള്ളവും മറ്റും കലര്‍ത്തുന്നത് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുമുണ്ട്. മായം കലര്‍ന്ന ഇന്ധനം നിറച്ചാല്‍ നിങ്ങളുടെ വാഹനത്തിന്റെ എഞ്ചിന് ഗുരുതരമായ കേടുപാടുകള്‍ വരും. അതേസമയം ഒരു ഫില്‍ട്ടര്‍ പേപ്പര്‍ ടെസ്റ്റ് ഉപയോഗിച്ച് ഇന്ധനത്തില്‍ മായം കലര്‍ത്തിയിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് പരിശോധിക്കാം.
ഫില്‍ട്ടര്‍ പേപ്പറില്‍ ഏതാനും തുള്ളി പെട്രോള്‍ തുള്ളി ഒഴിച്ചുനോക്കിയാല്‍ അത് മായം കലര്‍ന്നതാണോ അല്ലയോ എന്ന് അറിയാം. പെട്രോള്‍ ശുദ്ധമാണെങ്കില്‍ കറകള്‍ അവശേഷിപ്പിക്കാതെ ആവിയായി പോകും. എന്നാല്‍ ഇന്ധനത്തില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ പേപ്പറില്‍ കുറച്ച് കറകള്‍ അവശേഷിപ്പിക്കും.












Click it and Unblock the Notifications