മണ്ഡലത്തിലെ പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് ചാണ്ടി ഉമ്മന്റെ പരാതി
കോട്ടയം: മണ്ഡലത്തിലെ പൊതുപരിപാടികളില്‍ നിന്ന് എം എല്‍ എയായ തന്നെ ഒഴിവാക്കുന്നു എന്ന് ചാണ്ടി ഉമ്മന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പുതുപ്പള്ളി എം എല്‍ എയായ ചാണ്ടി ഉമ്മന്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന് അവകാശലംഘന പരാതി നല്‍കി. കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് ചാണ്ടി ഉമ്മനെ സംഘാടകര്‍ ക്ഷണിച്ചിരുന്നില്ല. ഇതിന് മുന്‍പും പല സര്‍ക്കാര്‍ പരിപാടികളിലും തന്നെ ഒഴിവാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ബോധപൂര്‍വ്വം തന്നെ ഒഴിവാക്കുന്നു എന്നാണ് ചാണ്ടി ഉമ്മന്‍ അവകാശലംഘന പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ചാണ്ടി ഉമ്മന്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. നേരത്തേയും ഇത് സംബന്ധിച്ച പരാതി നല്‍കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ആരേയും ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

'കോട്ടയത്ത് സ്ഥിരമായി രണ്ട് മന്ത്രിമാരാണ് പരിപാടികള്‍ ഉണ്ടാകുന്നത്. നവകേരള സദസില്‍ എം എല്‍എയായിരുന്നു അധ്യക്ഷന്‍. എന്നാല്‍ രണ്ട് മന്ത്രിമാരുണ്ടാകുമ്പോള്‍ താന്‍ അധ്യക്ഷനാകണ്ടേ കാര്യമില്ല. മന്ത്രിമാരോട് ഇക്കാര്യം പറഞ്ഞിരുന്നു,' ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉപജില്ലാ കലോത്സവത്തിന്റെ രക്ഷാധികാരി താനാണ് എന്നിരിക്കെ പരിപാടി തന്നെ അറിയിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്വേഷിച്ചപ്പോള്‍ ഫോണ്‍ വിളിച്ച് കിട്ടിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത് എന്നും ഒരു കത്ത് നല്‍കിയാലും മതിയായിരുന്നല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. അതിനിടെ പരിപാടികളില്‍ ക്ഷണിക്കാത്തതിലെ പ്രതിഷേധം സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ പ്രകടിപ്പിച്ചിരുന്നു. മണര്‍കാട് ഉപജില്ലാ കലോത്സവ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവത്തിന്റെ സമാപനത്തിലും ചാണ്ടി ഉമ്മന്‍ വേദിയിലെത്തിയിരുന്നു.
വേദിയിലെത്താന്‍ സംഘാടകര്‍ നിര്‍ബന്ധിച്ചെങ്കിലും സദസില്‍ തന്നെ ഇരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എംഎല്‍എ മണ്ഡലത്തിലില്ല എന്ന് അറിഞ്ഞതിനാലാണ് ക്ഷണിക്കാതിരുന്നത് എന്നാണ് സംഘാടകരുടെ മറുപടി. പ്രോട്ടോകോള്‍ പ്രകാരം അധ്യക്ഷനാകേണ്ട പരിപാടികളില്‍ പോലും മുഖ്യാതിഥിയായാണ് ക്ഷണിക്കാറുള്ളതെന്നും ഇത് അവകാശ ലംഘനമാണെന്നും ചാണ്ടി ഉമ്മന്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
മണര്‍കാട് സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉപജില്ലാ കലോത്സവ സമ്മേളമം മന്ത്രി വി എന്‍ വാസവനും ഭിന്നശേഷി കലോത്സവം സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ ഡോ.പി ടി ബാബുരാജുമാണ് ഉദ്ഘാടനം ചെയ്തത്. അതേസമയം, കലോത്സവത്തിന്റെ സമാപന ദിനമായ ഇന്നു നടക്കുന്ന സമ്മേളനത്തില്‍ ചാണ്ടി ഉമ്മനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത്.












Click it and Unblock the Notifications