സിഎഫ് തോമസിന്റെ കോട്ട,ചങ്ങനാശ്ശേരിയിൽ ഇക്കുറി അട്ടിമറിയോ? മണ്ഡല പരിചയം
കോട്ടയം; ജില്ലയിൽ ഇത്തവണ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കേരള കോൺഗ്രസിന്റെ കുത്തക സീറ്റായ ചങ്ങനാശേരി. സിഎഫ് തോമസിന്റെ മരണത്തോടെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഇക്കുറി മണ്ഡലം ആർക്കൊപ്പമാകും? ജോസ് വിഭാഗത്തിന്റെ പിൻബലത്തിൽ ഇത്തവണ മണ്ഡലത്തിൽ അട്ടിമറി വിജയം നേടാനാകുമെന്ന കണക്ക് കൂട്ടലിലാണ് എൽഡിഎഫ്. അതേസമയം മറുവശത്ത് യുഡിഎഫ് ആകട്ടെ കോട്ട കൈവിടില്ലെന്ന ആത്മവിശ്വാസത്തിലും.

കേരള കോൺഗ്രസ് കോട്ട
ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയേക്കൂടാതെ ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ചങ്ങനാശേരി നിയോജക മണ്ഡലം. 1957 ൽ സിപിഐയുടെ എം കൃഷ്ണൻ നായരായിരുന്നു ആദ്യം മണ്ഡലത്തിൽ വിജയിച്ചത്. 1977 മുതലുള്ള തിരെഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍ കേരള കോണ്‍ഗ്രസ് മാത്രമേ ഇവിടെ നിന്നും ജയിച്ചിട്ടുള്ളൂ.

9 തവണ ജയിച്ചു
1980 മുതൽ കേരള കോൺഗ്രസിന്റെ സിഎഫ് തോമസാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറിയത്.തുടര്‍ച്ചയായി 9 തവണയാണ് ചങ്ങനാശ്ശേരിയില്‍ നിന്നും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും ചങ്ങനാശ്ശേരിയുടെ പ്രതിനിധി സിഎഫ് തോമസ് തന്നെയായിരുന്നു.

നേരിയ ഭൂരിപക്ഷം
അതേസമയം 2016 ൽ സിഎഫിന്റെ കോട്ടയ്ക്ക് വലിയ രീതിയിൽ ഇളക്കം തട്ടി. കടുത്ത മത്സരത്തിനായിരുന്നു മണ്ഡലം സാക്ഷ്യം വഹിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ കെസി ജോസഫ് അവസാന നിമിഷം വരെ ശക്തമായ മത്സരമായിരുന്നു കാഴ്ച വെച്ചത്. ഒടുവിൽ വെറും 1859 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാത്രമാണ് സിഎഫ് തോമസിന് വിജയിക്കാൻ സാധിച്ചത്.

യുഡിഎഫ് സ്ഥാനാർത്ഥി
സിഎഫിന്റെ മരണത്തോടെ ഇക്കുറി മണ്ഡലം എങ്ങോട്ട് ചായുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മാണിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന സിഎഫ് കേരള കോൺഗ്രസ് പിളർപ്പിൽ ജോസഫ് പക്ഷത്തിനൊപ്പമായിരുന്നു നിലയുറച്ചത്. സിഎഫിന്റെ അഭാവത്തിൽ മണ്ഡലം ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് തുടക്കത്തിൽ നടത്തിയിരുന്നെങ്കിലും ജോസഫ് വിഭാഗം കടുംപിടിത്തം തുടർന്നതോടെ മണ്ഡലം വിട്ടു നൽകി. ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗമായ വിജെ ലാലിയാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി

ജോസഫ് വിഭാഗത്തിന്
ഇടതുമുന്നണിയിൽ ജോസ് വിഭാഗത്തിനാണ് സീറ്റ്. പാർട്ടി യുവ നേതാവായ ജോബ് മൈക്കിളാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപിക്ക് വേണ്ടി കോൺഗ്രസ് മുൻ നേതാവ് കൂടിയാ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി രാമൻനായരാണ് മത്സരിക്കുന്നത്. സമുദായ സമവാക്യങ്ങൾ കൂടി നിർണായകമായ മണ്ഡലം ഇത്തവണ ഏത് കേരള കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് കാത്തിരുന്ന് കാണാം.
ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications