എല്ലാവരും നിര്‍ബന്ധിക്കുമ്പോള്‍ പറ്റില്ലെന്നെങ്ങനെ പറയും; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തരൂര്‍
കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹമുണ്ട് എന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ട് എന്നാണ് ശശി തരൂര്‍ പറയുന്നത്. ഇന്ന് കോട്ടയത്ത് എത്തി ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍ ശശി തരൂര്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശശി തരൂരിന്റെ പ്രതികരണം. ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തിയ ശശി തരൂര്‍ ഇനി കേരളത്തില്‍ ഉണ്ടാകും എന്ന വ്യക്തമായ സൂചനയാണ് നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷമാണ് ശശി തരൂര്‍ സംസ്ഥാന രാഷ്ട്രീയം കണ്ണ് വെച്ച് തുടങ്ങിയത്.

ഇതിന് പിന്നാലെ മലബാറിലും കോട്ടയത്തും എത്തി ന്യൂനപക്ഷ നേതാക്കളുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് ശശി തരൂരിന്റെ എന്‍ട്രി അത്ര രസിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ശശി തരൂരിന് എതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം ചെറിയ ഇടവേളക്ക് ശേഷമാണ് ശശി തരൂരിന്റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം വീണ്ടും ചര്‍ച്ചയായത്.

ഇന്ന് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ കണ്ട ശേഷം തന്റെ മനസിലോ പ്രവൃത്തിയിലോ ജാതിയില്ലെന്നും കേരളത്തില്‍ സജീവമാകണമെന്ന ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ഉപദേശം ബഹുമാനത്തോടെ കാണുന്നു എന്നുമാണ് ശശി തരൂര്‍ പറഞ്ഞത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് തുറന്ന് പറയാനും ശശി തരൂര്‍ മടി കാണിച്ചില്ല. നിലവില്‍ തിരുവനന്തപുരത്ത് നിന്നുള്ള എം പിയായ ശശി തരൂരിന് അടുത്ത ടേമില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കില്ല എന്ന് ഉറപ്പാണ്. ഈ പശ്ചാത്തലത്തിലാണ് കളം മാറി ചവിട്ടാന്‍ ശശി തരൂര്‍ തയ്യാറെടുക്കുന്നത് എന്ന് വ്യക്തം.

എന്‍ എസ് എസ് ആചാര്യന്‍ മന്നത്ത് പത്മനാഭന്റെ ജന്മദിനത്തില്‍ ശശി തരൂരിനെ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നു. 2013 ല്‍ എ കെ ആന്റണിക്ക് ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്തിയില്‍ പെരുന്നയിലേക്ക് ക്ഷണിക്കുന്നത്. അതിന് ശേഷം കഴിഞ്ഞ ദിവസം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ശശി തരൂരിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ശശി തരൂര്‍ തറവാടി നായരാണ് എന്നും പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള ആളാണ് എന്നും സുകുമാരന്‍ നായര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേസമയം ഇതിനോടും ശശി തരൂര്‍ ഇന്ന് പ്രതികരിച്ചു. തറവാടി നായരാണെന്ന പ്രയോഗത്തോട് പ്രതികരിക്കാനില്ലെന്നും അത് പറഞ്ഞവരോട് ചോദിക്കണമെന്നുമായി ശശി തരൂര്‍ പറഞ്ഞത്.

താന്‍ ജാതീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ജാതിയും മതവുമെല്ലാം സ്വകാര്യമാണ് എന്നും ജാതിയല്ല കഴിവാണ് പ്രധാനം എന്നും ശശി തരൂര്‍ പറഞ്ഞു. തന്റെ പാചകക്കാരന്റെ ജാതിപോലും തനിക്ക് അറിയില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം എന്‍ എസ് എസിന് പിന്നാലെ ഓര്‍ത്തഡോക്‌സ് സഭയും ശശി തരൂരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നത് ശ്രദ്ധേയമാണ്. നേരത്തെ മുസ്ലീം ലീഗില്‍ നിന്നും തരൂരിന് പിന്തുണ ലഭിച്ചിരുന്നു.












Click it and Unblock the Notifications