ആകാശപാതക്ക് അനുവദിച്ച പണം സര്‍ക്കാര്‍ ഖജനാവിലുണ്ടെന്ന് തിരുവഞ്ചൂര്‍; കോണ്‍ഗ്രസ് സമരത്തിന്
കോട്ടയം: കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിലേക്ക്. കോട്ടയം ഈസ്റ്റ്, വെസ്റ്റ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജൂലൈ ആറിന് ആകാശപ്പാതക്ക് സമീപം ഉപവാസം നടത്താനാണ് തീരുമാനം. പദ്ധതിക്കായി അനുവദിച്ച പണം ഇപ്പോഴും സര്‍ക്കാര്‍ ഖജനാവിലുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
പദ്ധതി പൂര്‍ത്തിയാക്കാന്‍ ഈ പണം ചെലവിട്ടാല്‍ മാത്രം മതി എന്നും പകരം പദ്ധതിയെ വാശിയോടെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. ആകാശപ്പാത പറ്റില്ലെന്ന് പറയാനുള്ള കാരണം വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലിഫ്റ്റ് സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുക്കേണ്ടതില്ല എന്നും പ്ലാന്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും എന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

സി പി എമ്മിന്റെ പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല എന്നും പദ്ധതി പൂര്‍ത്തീകരിക്കാന്‍ സി പി എമ്മും സമ്മര്‍ദ്ദം ചെലുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സമരത്തില്‍ കോട്ടയത്തിന്റെ വികസനം ആഗ്രഹിക്കുന്ന ആര്‍ക്കും പങ്കെടുക്കാം എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയത്തിനൊപ്പം പ്രഖ്യാപിച്ച തിരുവനന്തപുരം, തൃശൂര്‍ ആകാശപ്പാതകള്‍ പൂര്‍ത്തിയായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോട്ടയത്തേത് മാത്രം എന്തുകൊണ്ട് മുടങ്ങിക്കിടക്കുന്നുവെന്ന് വിശദീകരിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ആകാശപ്പാതയെ ബിനാലെ കലാകാരന്‍ നിര്‍മിച്ചതാണെന്ന് പറഞ്ഞ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ കോട്ടയത്തെ ജനങ്ങളെ അപമാനിച്ചു. റോഡ് വികസനത്തിന് കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്ഥലം സര്‍ക്കാറിന് നല്‍കിയത് കോട്ടയത്തെ സാധാരണക്കാരായ ജനങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ആകാശപാത നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയിലും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. ഗതാഗത കുരുക്കിന് പരിഹാരം എന്ന നിലയിലാണ് എംഎല്‍എ ഫണ്ട് അനുവദിച്ചതെങ്കിലും ആകാശപാത പദ്ധതി എങ്ങും എത്തിയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ ആകാശപാതയില്‍ സര്‍ക്കാര്‍ പണം ദുര്‍വ്യയം ചെയ്തെന്നായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മറുപടി. നിലവിലെ സാഹചര്യത്തില്‍ ആകാശപാത പൂര്‍ത്തീകരിക്കുന്നത് അസാധ്യമാണ് എന്നും. ചെയ്യാന്‍ പാടില്ലാത്ത വര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത വകുപ്പിനെ കൊണ്ട് ചെയ്യിച്ചിട്ട് ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. കോട്ടയത്ത് അഞ്ച് റോഡുകള്‍ വന്ന് ചേരുന്ന സ്ഥലത്താണ് ഈ ആകാശ പാത സ്ഥിതി ചെയ്യുന്നത്.












Click it and Unblock the Notifications